കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയും എഐസിസി അധ്യക്ഷനുമായ രാഹുൽ ഗാന്ധി തിരുനെല്ലിയിലെത്തി പിതൃതർപ്പണം നടത്തി. രാവിലെ 8.40നു കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ യുഡിഎഫ് കോ ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ശേഷമാണ് രാഹുൽഗാന്ധി 9.25നു ഹെലികോപ്ടറിൽ വയനാട്ടിലേക്കു തിരിച്ചത്.
തിരുനെല്ലി ക്ഷേത്രത്തിനു സമീപം പ്രത്യേകം സജ്ജമാക്കിയ ഹെലിപാഡിൽ 10.00 നു ഇറങ്ങിയ രാഹുൽ ക്ഷേത്രദർശനത്തിന് ശേഷം പാപനാശിനിയിൽ പിതൃതർപ്പണം നടത്തി. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഇവിടെ നിമഞ്ജനം ചെയ്തിരുന്നു. കോണ്ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
നാമനിർദേശ പത്രിക സമർപ്പണത്തിന് എത്തിയപ്പോൾ മറ്റ് ചടങ്ങുകളിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. സ്ഥാനാർഥി എന്ന നിലയിൽ മണ്ഡലത്തിലെ വോട്ടർമാരെ കണ്ട് വോട്ട് ചോദിക്കുന്നതിനായി ആദ്യമായാണ് അദ്ദേഹം എത്തിയത്. രാഹുൽ എത്തിയതിന്റെ ആവേശത്തിലാണ് യുഡിഎഫ് നേതൃത്വം.