നോട്ടുനിരോധനം മോദിക്കു സംഭവിച്ച വെറുമൊരു പിശകല്ല, മറിച്ച് വന്‍കിട ബിസിനസ്സുകാരെ സഹായിക്കാന്‍ സാധാരണക്കാര്‍ക്കുമേല്‍ കരുതിക്കൂട്ടി നടത്തിയ ആക്രമണമാണ്! മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന ആര്‍ബിഐ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തൊട്ടാകെ പ്രതിഷേധം കനക്കുന്നതിനിടെ നോട്ടുനിരോധന വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഈ വിഷയത്തില്‍ പ്രധാനമന്ത്രി മാപ്പ് പറയേണ്ടതില്ല. കാരണം, അബദ്ധത്തില്‍ തെറ്റു ചെയ്താലേ മാപ്പു പറയേണ്ടതുള്ളൂ, എന്നാല്‍ നോട്ടു നിരോധനം പ്രധാനമന്ത്രി മോദി മനഃപൂര്‍വം കൊണ്ടുവന്നതാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരികെയെത്തിയെന്ന റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ടിനെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടുനിരോധനം മോദിക്കു സംഭവിച്ച വെറുമൊരു പിശകല്ല, മറിച്ച് വന്‍കിട ബിസിനസ്സുകാരെ സഹായിക്കാന്‍ സാധാരണക്കാര്‍ക്കുമേല്‍ കരുതിക്കൂട്ടി നടത്തിയ ആക്രമണമാണെന്നാണ് രാഹുലിന്റെ വിമര്‍ശനം.

‘നോട്ടുനിരോധനം ഒരു വലിയ അഴിമതിയാണ്. അറിയാതെ സംഭവിക്കുന്ന പിശകുകള്‍ക്കാണ് ക്ഷമാപണം നടത്തുക. എന്നാല്‍, ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാണ്.’ രാഹുല്‍ പറയുന്നു.

സമ്പദ്ഘടനയെ താറുമാറാക്കിയ ഇത്തരമൊരു തീരുമാനമെടുത്തത് എന്തിനാണെന്ന് പ്രധാനമന്ത്രി ഈ രാജ്യത്തെ ജനങ്ങളോട് വ്യക്തമാക്കണം. കഴിഞ്ഞ 70 വര്‍ഷങ്ങളായി ഒരു പ്രധാനമന്ത്രിയും ഇത്തരത്തിലൊരു നീക്കം നടത്തിയിട്ടില്ലെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

റാഫേല്‍ കരാര്‍ സംബന്ധിച്ചുള്ള വിവാദങ്ങളെക്കുറിച്ചും രാഹുല്‍ പ്രതികരിച്ചു. കരാറൊപ്പിടുന്നതിന് പത്തു ദിവസങ്ങള്‍ക്കു മുന്‍പാണ് അനില്‍ അംബാനിയുടെ കമ്പനി രജിസ്റ്റര്‍ ചെയ്തതെന്നും അംബാനിയും മോദിയും തമ്മിലുള്ള കരാറെന്താണെന്നും അദ്ദേഹം സമ്മേളനത്തില്‍ ചോദിച്ചു.

Related posts