ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിനേഷൻ മന്ദഗതിയിലാണെന്ന് വിമർശിച്ച കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.
വാക്സിൻ ഉത്പാദനം ഒരു രാത്രികൊണ്ട് ചെയ്യാവുന്ന പണിയല്ല. നിരവധി ഘട്ടങ്ങളിലൂടെ മാത്രമേ വാക്സിൻ വികസനം സാധ്യമാകു. ഉത്പാദിപ്പിച്ച വാക്സിൻ ഉടനടി വിതരണം ചെയ്യാനാകില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് വാക്സിനേഷന് വേഗത കൂട്ടിയില്ലെങ്കിൽ വൈറസിന് കൂടുതൽ വകഭേദം സംഭവിച്ച് മൂന്നാം തരംഗത്തിലൂടെ ഏറെ അപകടകാരിയാകുമെന്നാണ് രാഹുൽ കഴിഞ്ഞ ദിവസം പറഞ്ഞത്.
പ്രധാനമന്ത്രി തന്ത്രപരമായി ചിന്തിക്കുന്നേയില്ല. അദ്ദേഹം ഒരു ഇവന്റ് മാനേജറാണ്. ഈയവസരത്തിൽ നമുക്ക് സംഭവങ്ങളല്ല, നയങ്ങളാണ് വേണ്ടത്. മനുഷ്യർ മരിച്ചുവീഴുന്ന ഈ സന്ദർഭത്തിലെങ്കിലും മോദി ഒരു വാക്സിൻ നയം രൂപീകരിക്കണമെന്നും രാഹുൽ പറഞ്ഞു.