റെനീഷ് മാത്യു
കണ്ണൂർ: അച്ഛൻ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തിരുനെല്ലിയിലെ പാപനാശിനി സന്ദർശിച്ച ശേഷമായിരിക്കും വയനാട് ലോക്സഭാമണ്ഡലം സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ആറു മണ്ഡലങ്ങളിലെ പര്യടനം. 16 ന് കേരളത്തിൽ എത്തുന്ന രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം 17 നാണ്.
16ന് തിരുവനന്തപുരം, ആലപ്പുഴ, പത്തനാപുരം, പത്തനംതിട്ട എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലാണ് രാഹുൽഗാന്ധി പങ്കെടുക്കുന്നത്. നാമനിർദേശപത്രിക കൊടുക്കാൻ എത്തിയ ദിവസം രാഹുലും പ്രിയങ്കയും പാപനാശിനി സന്ദർശിക്കാൻ സമ്മതം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സുരക്ഷാ പ്രശ്നങ്ങളാൽ റദ്ദാക്കുകയായിരുന്നു.
പാപനാശിനി സന്ദർശിച്ച ശേഷം കൽപ്പറ്റ ഒഴികെയുള്ള മണ്ഡലങ്ങളിലാണ് പ്രചാരണം. ഓരോ മണ്ഡലത്തിലും സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിലാണ് പ്രസംഗിക്കുന്നത്. മാനന്തവാടി, വണ്ടൂർ, സുൽത്താൻ ബത്തേരി, ഏറനാട്, നിലന്പൂർ, തിരുവന്പാടി എന്നിവിടങ്ങളിലാണ് പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നത്.
കോൺഗ്രസിന്റെ മുൻ എംപിയും സിനിമാ താരവും ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചുമതല വഹിക്കുന്ന ദിവ്യ സ്പന്ദനയും ഡൽഹിയിൽ നിന്നും എത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലുള്ള ടീം ആണ് രാഹുലിന്റെ സോഷ്യൽ മീഡിയ പ്രചാരണം കൈകാര്യം ചെയ്യുന്നത്.
തിരുവന്പാടി മുക്കം കേന്ദ്രീകരിച്ചാണ് രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്ര ഓഫീസിന്റെ പ്രവർത്തനം. കൽപ്പറ്റയിലും ഏറനാടും ഇവരുടെ മേഖലാ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് മാത്യുവിന്റെ നേതൃത്വത്തിലുള്ള മീഡിയസംഘവും വാർ റൂമിന്റെ ഭാഗമാണ്.