തിരുവനന്തപുരം: ദേശീയ നേതാവായ രാഹുൽ ഗാന്ധിയെ കോൺഗ്രസ് കേരളത്തിലെ കോൺഗ്രസുകാരനായി ചുരുക്കിയെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ.
ഇങ്ങനെയൊരു മത്സരം രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും ഒഴിവാക്കേണ്ടതായിരുന്നു. ഈ മത്സരത്തിന് ഉത്തരവാദി എഐസിസിയും കെ.സി.വേണുഗോപാലുമാണെന്നും ആനി രാജ പറഞ്ഞു.
ജനാധിപത്യത്തിൽ ഒരു സീറ്റും ആരുടേയുമല്ല. അത് ജനങ്ങളുടേതാണ്. കേരളത്തിൽ ഇടതുമുന്നണി 20 സീറ്റുകളിലും വളരെ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതാണ്. പിന്നീടാണ് രാഹുൽ ഗാന്ധി സ്ഥാനാർഥിയായി വരുന്നത്. രാഹുൽ ഗാന്ധിയും ഒന്ന് ആലോചിക്കേണ്ടതായിരുന്നു.
വയനാട്ടിലേത് സൗഹൃദമത്സരമല്ല. ജയിക്കാൻ തന്നെയാണ് മത്സരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറക്കാനല്ല, ജയിക്കാൻ തന്നെയാണ് വയനാട്ടിൽ മത്സരിക്കുന്നത്- ആനി രാജ പറഞ്ഞു.