മുക്കം: കോൺഗ്രസ് ദേശീയ നേതാവും വയനാട് പാർലമെന്റ് മണ്ഡലം എംപിയുമായ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം വീണ്ടും ചർച്ചയാകുന്നു. സാമ്പത്തിക മാന്ദ്യമുൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് ദേശീയ തലത്തിൽ തന്നെ വലിയ രീതിയിലുള്ള പ്രക്ഷോഭത്തിന് തയാറെടുക്കുമ്പോഴാണ് രാഹുൽ വിദേശത്തേക്ക് പോയത്. ഇതോടെ സമരത്തിന്റെ വിജയം തന്നെ ആശങ്കയിലായിരിക്കുകയാണ്. അഞ്ച് മുതൽ 15 വരെയാണ് കോൺഗ്രസ് ദേശീയ പ്രക്ഷോഭം ആസൂത്രണം ചെയ്തിരിക്കുന്നത്.
രാഹുലിന്റെ അസാന്നിധ്യം വയനാട് പാർലമെൻറ് മണ്ഡലത്തിലും വലിയ ചർച്ചക്ക് തുടക്കമിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലടക്കം ഇടതുപക്ഷവും ബിജെപിയും ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ പോലും യുഡിഎഫ് നേതാക്കൾക്ക് ആവുന്നില്ല. രാഹുൽ ഗാന്ധിയുടെ ചിത്രം സഹിതം ഇയാളുടെ കയ്യിൽ രാജ്യം സുരക്ഷിതമാണന്ന് ആരോ പറഞ്ഞിരുന്നല്ലോ എന്നുൾപ്പെടെയുള്ള കമന്റുകളാണ് വരുന്നത്.
രാജ്യം അതിഭീകരമാം വിധം അപകടത്തിലേക്ക് നീങ്ങുമ്പോൾ അതിനെതിരെ ശബ്ദിദിക്കുന്നില്ലന്ന് മാത്രമല്ല, ദേശീയ നേതൃത്വം തയാറാക്കുന്ന സമരങ്ങളിൽ പങ്കെടുക്കുക പോലും ചെയ്യാത്തത് വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണന്നും വിമർശനമുയർന്നിട്ടുണ്ട്. അതേസമയം രാഹുൽ എങ്ങോട്ടാണ് പോയതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
ഇന്തോനേഷ്യയിലേക്ക് ധ്യാനത്തിന് പോയതാണന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. രാഹുലുമായി കൂടിയാലോചിച്ചാണ് പ്രക്ഷോഭം ആസൂത്രണം ചെയ്തതെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. കേരളത്തിൽ കോൺഗ്രസിനൊപ്പം തന്നെ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷികളും മറുപടി പറയാനാവാതെ കുഴങ്ങുകയാണ്.