കോഴിക്കോട്: ഉത്തർപ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി പത്രിക നല്‍കുന്നുവെന്ന വാര്‍ത്ത വയനാട്ടിൽ നിരാശ പടർത്തിയെന്നു റിപ്പോർട്ട്. വയനാട്ടിലും റായ്ബറേലിയിലും ജയിച്ചാല്‍ രാഹുല്‍ റായ്ബറേലിയാകും നിലനിര്‍ത്തുകയെന്ന വിലയിരുത്തലാണു വയനാട്ടുകാരെ നിരാശയിലാക്കുന്നത്.
ഇത്തവണ വയനാട്ടില്‍ മാത്രമാണ് രാഹുല്‍ മല്‍സരിക്കുകയെന്നാണ് കരുതിയിരുന്നത്. അപ്രതീക്ഷിതമായിട്ടാണ് രാഹുലിന്റെ റായ്ബറേലി സ്ഥാനാര്‍ഥിത്വം.കോണ്ഗ്രസിനേറെ ഹൃദയബന്ധമുള്ള മണ്ഡലമാണ് റായ്ബറേലി. കോണ്‍ഗ്രസിനെ ഹിന്ദി ബെല്‍റ്റില്‍ കരുത്താര്ജിപ്പിക്കുന്നതിനു റായ്ബറേലിയിലെ രാഹുലിന്റെ മത്സരം ഉപകാരപ്പെടും.
വയനാട്ടില്‍ ജയിച്ചതുകൊണ്ട് രാഹുലിനു രാഷ്ട്രീയ നേട്ടമെന്നുമില്ല. അതുകൊണ്ട് വയനാട് ഒഴിവാക്കുമെന്നാണു വിലയിരുത്തൽ. എന്നാൽ, ഇതേക്കുറിച്ചു കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.കേരളത്തിലെ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ രാഹുലിന്റെ റായ്ബറേലി മത്സരം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.
വയനാട്ടില്‍നിന്ന് പരമാവധി േവാട്ടുകള്‍ സമാഹരിക്കുന്നതിനായിരുന്നു ഇത്. രാഹുല്‍ വയനാട്ടില്‍നിന്ന് മാറിയാല്‍ സംസ്ഥാനത്തെ യുഡിഎഫിന്റെ വിജയത്തെ ബാധിക്കുമെന്നും കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നവാഗതനായി എത്തിയ രാഹുലിനെ വയനാട്ടുകാര്‍ വന്‍വിജയം സമ്മാനിച്ചാണ് നെഞ്ചേറ്റിയത്.
7,96,367 വോട്ടാണ് ഇവിടെ രാഹുല്‍ ഗാന്ധിക്ക് അന്ന് ലഭിച്ചത്. തൊട്ടടുത്ത എതിര് സ്ഥാനാര്‍ഥി സിപിഐയിലെ പി.പി. സുനീറിനു ലഭിച്ചതാകട്ടെ 2,74,597 വോട്ടും. 4,31,770 വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷമായിരുന്നു രാഹുലിനു വയനാട്ടുകാര്‍ നല്‍കിയത്. കഴിഞ്ഞ തവണത്തെ ഓളം ഇല്ലെങ്കിലും രാഹുലിന് വയനാട്ടില്‍ നല്ല ഭൂരിപക്ഷത്തോടെയുള്ള വിജയമാണ് ഇക്കുറിയും പ്രതീക്ഷിക്കുന്നത്.