മാനന്തവാടി: രാഹുൽ ഗാന്ധിയുടെ വിജയം ഉറപ്പിക്കാൻ സ്വന്തം പേരിൽ ആശംസാകാർഡ് തയാറാക്കി വീടുകളിൽ നൽകി വോട്ട് അഭ്യർത്ഥിച്ച് നഗരസഭാ കൗണ്‍സിലർ. മുസ്ലീംലീഗ് നേതാവും മാനന്തവാടി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കടവത്ത് മുഹമ്മദ് ആണ് ആശംസാകാർഡ് വീടുകളിൽ നൽകി രാഹുലിനു വേണ്ടി വീടുകളിൽ കയറി ഇറങ്ങുന്നത്.
രാഹുലിന്റെ സ്ഥാനാർത്ഥിതത്വം ലീഗ് നേതാവെന്ന നിലയിൽ അനുഗ്രഹമായാണ് കൗണ്‍സിലർ കൂടിയായ കടവത്ത് മുഹമ്മദ് കരുതുന്നത്. അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിയുടെ സന്ദേശം പ്രിന്റ് ചെയ്ത് സ്വന്തം ഫോട്ടോ പതിച്ച ആശംസാകാർഡുമായി കടവത്ത് മുഹമ്മദ് എന്ന കൗണ്‍സിലർ തന്റെ വാർഡുകളിലെ ഒരോ വീടും കയറി ഇറങ്ങുകയാണ്.
തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല ക്രിസ്തുമസ് ന്യൂ ഇയർ വേളകളിലും ഇത്തരത്തിൽ ആശംസാ കാർഡുകൾ പ്രിന്റ് ചെയ്ത് തന്റെ വേണ്ടപ്പെട്ടവർക്കെല്ലാം അയക്കുന്നത് വർഷങ്ങളായി പതിവ് ശൈലിയാക്കിയ വ്യക്തിയാണ്.