വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് പിന്മാറിയത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇടപെടലിനെ തുടര്‍ന്ന്. രാഷ്ട്രീയത്തിനപ്പുറം അടുത്ത സൗഹൃദം പുലര്‍ത്തുന്ന രാഹുലിനോട് കേരളത്തിലെ അവസ്ഥ യെച്ചൂരി ബോധ്യപ്പെടുത്തുകയായിരുന്നു. ദേശീയതലത്തില്‍ ഒപ്പംനില്‍ക്കുന്ന സിപിഎമ്മിനോട് നേരിട്ടു മത്സരിക്കുന്നത് തെറ്റായ ചിത്രം നല്‍കുമെന്ന യെച്ചൂരിയുടെ വാദം രാഹുല്‍ അംഗീകരിക്കുകയായിരുന്നു.
രാഹുല്‍ മത്സരിക്കാനില്ലെന്ന കാര്യം ഒരുദിവസം മുമ്പുതന്നെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ തന്നെ ഇക്കാര്യം പറഞ്ഞില്ലെങ്കില്‍ ജയപ്രതീക്ഷയെ ബാധിക്കുമെന്ന് കേരളത്തിലെ നേതാക്കള്‍ നിലപാടെടുക്കുകയായിരുന്നു. അതേസമയം ഒരുഘട്ടത്തില്‍ പോലും വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ താല്പര്യം പ്രകടിപ്പിച്ചില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.
കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കലഹത്തിന്റെ ഫലമായാണ് രാഹുലിന് ക്ഷണം ലഭിച്ചതെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്. വയനാട് സീറ്റിനെ ചൊല്ലി രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചത്.
കേരളത്തില്‍ മത്സരിച്ചാലും അതിന്റെ പ്രതിഫലനം ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിക്കില്ലെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം പി.സി. ചാക്കോയുടെ നിലപാടും രാഹുലിനെ വയനാട്ടില്‍ നിന്ന് മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചു. കര്‍ണാടകയിലോ ആന്ധ്രപ്രദേശിലോ മത്സരിച്ചാല്‍ കൂടുതല്‍ ഗുണം പാര്‍ട്ടിക്ക് ലഭിക്കുമെന്നും ചാക്കോ നിലപാടെടുത്തു. എന്തായാലും വയനാട്ടിലേക്ക് രാഹുല്‍ ഇല്ലെന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിരാശ സമ്മാനിച്ചിട്ടുണ്ട്. കാരണം അവര്‍ അത്രയേറെ പ്രതീക്ഷിച്ചിരുന്നു.