നിയാസ് മുസ്തഫ
കേന്ദ്രത്തിൽ പ്രതിപക്ഷ നേതാവിനെപ്പോലും ലഭിക്കാത്തവിധം പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിന് തെലങ്കാനയിലെ സംഭവ വികാസങ്ങൾ ഇരുട്ടടിയായി.
18ൽ 12 എംഎൽഎമാർ കൂറുമാറി ഭരണപക്ഷമായ ടിആർഎസിൽ ലയിച്ചതോടെ കോൺഗ്രസ് ഹൈക്കമാൻഡും കടുത്ത നിരാശയിലായി. ദേശീയ അധ്യക്ഷൻ രാഹുൽഗാന്ധി തന്നെ തെരഞ്ഞെടുപ്പ് തോൽവിയിൽ ആകെ അസ്വസ്ഥനായി കഴിയുന്പോൾ തെലങ്കാന വിഷയം കൂടി കോൺഗ്രസിനു മുന്നിലെത്തിയത് കൂനിൻമേൽ കുരു പോലെയായിട്ടുണ്ട്.
12എംഎൽഎമാർ കൂറുമാറിയതോടെ തെലങ്കാന നിയമസഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനവും കോൺഗ്രസിനു പോയി. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ എംഎൽഎമാർ കൂറുമാറിയതിനാൽ കോൺഗ്രസിന് ഒന്നും ചെയ്യാനാവാത്ത സ്ഥിതിയിലാണ് കാര്യങ്ങൾ.
മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലായിരുന്നുവെങ്കിൽ എംഎൽഎമാരുടെ നീക്കം കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാമായിരുന്നു. ടിആർഎസ് പണം നൽകി തങ്ങളുടെ എംഎൽഎമാരെ തട്ടിയെടുത്തിരിക്കുകയാണെന്ന് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ ഉത്തംകുമാർ റെഡ്ഢിയുടെ ആരോപണത്തിന് അത്ര ശക്തിപോര.
119 അംഗങ്ങളാണ് തെലങ്കാന നിയമസഭയിലെ അംഗസംഖ്യ. 2018ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 88 സീറ്റുകൾ ടിആർഎസ് നേടി. കോൺഗ്രസ് 19ഉം അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി ഏഴും ബിജെപി ഒരു സീറ്റും നേടി.
കോൺഗ്രസ് എംഎൽഎമാർ കൂടി വന്നതോടെ ടിആർഎസിന്റെ അംഗസംഖ്യ 100 ആയി ഉയർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനാൽ കോൺഗ്രസ് അധ്യക്ഷൻ ഉത്തംകുമാർ റെഡ്ഢി എംഎൽഎ സ്ഥാനം രാജിവച്ചു. ഇതോടെയാണ് കോൺഗ്രസിന്റെ അംഗസംഖ്യ 18 ആയി ചുരുങ്ങിയത്.
11 കോണ്ഗ്രസ് എംഎൽഎമാർ ടിആർഎസിൽ ചേരുമെന്ന് അടുത്തിടെ ഭീഷണി മുഴക്കിയതാണ്. അന്ന് ഹൈക്കമാൻഡ് ഇടപെട്ടാണ് എംഎൽഎമാരെ പിന്തിരിപ്പിച്ചത്. കൂറുമാറിയ എംഎൽഎമാരുടെ ആവശ്യം സ്പീക്കർ പി. ശ്രീനിവാസ് റെഡ്ഢി അംഗീകരിച്ചതോടെ വിഷയം ഹൈക്കോടതിയുടെ മുന്പിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.
പകൽ വെളിച്ചത്തിൽ ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്നാണ് ഈ സംഭവത്തെക്കുറിച്ച് കോൺഗ്രസ് വക്താവ് പവൻ ഖേറ പ്രതികരിച്ചത്. ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് ഈ സംഭവം നല്ലതല്ലെന്നും തെലങ്കാനയിലെ ജനങ്ങൾ എംഎൽഎമാരുടെ നടപടിക്ക് മാപ്പുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
2019ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 17 സീറ്റിൽ ടിആർഎസ് ഒന്പത്, ബിജെപി നാല്, കോൺഗ്രസ് മൂന്ന്, അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി ഒന്ന് എന്നിങ്ങനെയാണ് വിജയിച്ചത്.