തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ പിന്തുണച്ച് കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി മൗനസത്യാഗ്രഹം ആചരിക്കുന്നു. തിരുവനന്തപുരത്ത് രാവിലെ ഗാന്ധി പാർക്കിൽ മൗന സത്യഗ്രഹം ആരംഭിച്ചു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യാത്തതിനെ തുടർന്നാണ് എഐസിസി മൗനസത്യഗ്രം ആഹ്വാനം ചെയ്തത്.
സംസ്ഥാന തലസ്ഥാനങ്ങളിൽ മൗനസത്യഗ്രഹം ആചരിക്കുകയാണ്. അതേസമയം ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ 16നാണ് മൗനസത്യഗ്രഹം. മഴയെത്തുടർന്നാണ് ഇവിടങ്ങളിൽ 16ലേക്ക് മാറ്റിയത്.
ഗാന്ധി പാർക്കിലെ പരിപാടിയിൽ ബ്ലോക്ക്തലം മുതൽ കെപിസിസി തലം വരെയുള്ള നേതാക്കൾ പങ്കെടുത്തു. രാഹുലിന്റെ അയോഗ്യതയ്ക്കെതിരെ കോണ്ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോണ്ഗ്രസ് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധരൻ, രാജ് മോഹൻ ഉണ്ണിത്താൻ, ജെബി മേത്തർ, കോണ്ഗ്രസ് നേതാക്കളായ പി.ജെ. കുര്യൻ, വി.എസ്.ശിവകുമാർ, ചെറിയാൻ ഫിലിപ്പ്, നെയ്യാറ്റിൻകര സനൽ, വർക്കല കഹാർ, ശരത്ചന്ദ്ര പ്രസാദ്, ടി.യു.. രാധാകൃഷ്ണൻ, ടി.സിദ്ദിഖ്, വി.പി. സജീന്ദ്രൻ, ഷാനിമോൾ ഉസ്മാൻ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. വൈകുന്നേരം അഞ്ച് വരെയാണ് മൗനസത്യഗ്രഹം.