പനാജി: ഗോവയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചിത്രം വൈറൽ. അമ്മ സോണിയ ഗാന്ധിക്കൊപ്പമാണ് രാഹുൽ ഗോവൻ രീതിയിലുള്ള കടൽ വിഭവങ്ങൾ ലഭിക്കുന്ന വോർഫ് റസ്റ്ററന്റിൽ ഞായറാഴ്ച ഉച്ചഭക്ഷണം കഴിക്കാനായി എത്തിയത്. ഗോവയിലെ പ്രമുഖ ഡെന്റിസ്റ്റായ രച്ന ഫെർണാണ്ടസും ഈ സമയത്ത് റസ്റ്ററന്റിലുണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിൽ രാഹുൽ ഗാന്ധിക്കൊപ്പമുള്ള സെൽഫി വൈറലാണ്.
രച്ന ഫെർണാണ്ടസ് കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ ആരംഭിച്ചപ്പോഴാണ് മുഖ പരിചയമുള്ള രണ്ടുപേർ അടുത്ത ടേബിളിൽ ഇരിക്കാൻ എത്തിയത്. നീല ടീ ഷർട്ടും ധരിച്ച് എത്തിയ രാഹുലിനെ ആദ്യം മനസിലായില്ല. എന്നാൽ സോണിയായെ കണ്ടതാൻ അദ്ഭുതപ്പെട്ടെന്നും രച്ന പറഞ്ഞു. സുരക്ഷാ അകന്പടിയില്ലാതെയാണ് ഇരുവരും ഗോവ ചുറ്റിക്കറങ്ങാനായെത്തിയത്.
സെൽഫിയെടുക്കാൻ അനുവാദം ചോദിച്ചപ്പോൾ കഴിച്ചതിന്റെ ബില്ല് കൊടുത്തതിനു ശേഷം ആകാമെന്ന് രാഹുൽ പറഞ്ഞു. അരമണിക്കൂറിനകം ഭക്ഷണം കഴിച്ച രാഹുൽ സെൽഫിയെടുക്കാൻ ഒപ്പം വന്നെന്നും രച്ന പറഞ്ഞു. രാഹുലും സോണിയയും സ്വകാര്യ സന്ദർശനമാണ് ഗോവയിൽ നടത്തിയതെന്ന് ഗോവയിലെ കോണ്ഗ്രസ് വക്താവ് അറിയിച്ചു.