ന്യൂഡൽഹി: ബിജെപിയും ആർഎസ്എസും ഗോഡ്സെ സ്നേഹികളാണ് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രജ്ഞാ സിംഗ് താക്കൂറിനു പിന്നാലെ രണ്ട് ബിജെപി നേതാക്കൾ കൂടി മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ച് രംഗത്തെത്തിയെന്നും രാഹുൽ പറഞ്ഞു.
ഒടുവിൽ എനിക്ക് അത് പിടികിട്ടി. ആർഎസ്എസും ബിജെപിയും ദൈവത്തിന്റെ സ്നേഹിതരല്ല. അവർ ഗോഡ്സെയുടെ സ്നേഹിതരാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയായ പ്രജ്ഞാ സിംഗ് താക്കൂറിനു പുറമേ കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ, എംപി നളിൻ കുമാർ കട്ടീൽ എന്നിവരാണ് ഗോഡ്സെ പരാമർശങ്ങൾ നടത്തിയത്. ഇവരെ തള്ളി പാർട്ടി അധ്യക്ഷൻ അമിത് ഷാ രംഗത്തെത്തിയിരുന്നു. ഇവരുടെ പരാമർശങ്ങൾ പാർട്ടി അച്ചടക സമതി പരിശോധിക്കുമെന്നും അമിത് ഷാ പറഞ്ഞു.
വ്യാഴാഴ്ചയാണ് ഗോഡ്സെ ദേശസ്നേഹിയാണെന്ന വിവാദ പരാമർശം പ്രജ്ഞ സിംഗ് താക്കൂർ നടത്തിയത്. നിമിഷങ്ങൾക്കുള്ളിൽ ഇത് വിവാദമാവുകയും ചെയ്തു. പ്രജ്ഞയെ അനുകൂലിച്ചാണ് ഹെഗ്ഡെ രംഗത്തു വന്നത്. ഗോഡ്സെ ഇപ്പോൾ ചർച്ചയായതിൽ തനിക്ക് സന്തോഷമുണ്ടെന്നുമായിരുന്നു ഹെഗ്ഡെയുടെ ട്വീറ്റ്. സമാനമായ രീതിയിലായിരുന്നു നളിൻ കുമാർ കട്ടീലിന്റെയും ട്വീറ്റ്. ഒരാളെ കൊന്ന ഗോഡ്സെയാണോ 72 പേരെ കൊന്ന അജ്മൽ കസബാണോ 17,000 പേരെ കൊന്ന രാജീവ് ഗാന്ധിയാണോ ക്രൂരൻ എന്നായിരുന്നു കട്ടീലിന്റെ ട്വീറ്റ്.