സ്വന്തം ലേഖകന്‍
തൃശൂര്‍: ജ്വല്ലറികളിൽ നിന്ന് സ്വര്‍ണനാണയങ്ങളും വജ്രാഭരണങ്ങളും അതിവിദഗ്ധമായി തട്ടിയെടുക്കുന്ന വിരുതന് കേരളമൊട്ടാകെ കറങ്ങി തട്ടിപ്പ് തുടരുന്നു. ഇയാളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് സമൂഹമാധ്യമങ്ങളില്‍ നല്കി കേരളത്തിലെ ജ്വല്ലറിക്കാര് രംഗത്ത്.
ആലപ്പുഴ, കോഴിക്കാട്, തൃശൂര്‍, അങ്കമാലി എന്നിവിടങ്ങളിലുള്ള പ്രമുഖ ജ്വല്ലറികളില്‍ പ്രമുഖ കമ്പനികളുടെ പേരു പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്. കോഴിക്കോട് പയ്യോളി സ്വദേശിയായ റാഹിൽ ഹമീദാണ് തട്ടിപ്പ് നടത്തുന്നതെന്ന് കേസ് അന്വേഷിക്കുന്ന പോലീസ് പറഞ്ഞു.
തട്ടിപ്പിന്റെ രീതി ഇങ്ങനെ:
നഗരങ്ങളിലെ പ്രമുഖ ഹോട്ടലുകളില്‍നിന്ന് ഇയാള്‍ ജ്വല്ലറികളിലേക്ക് ഫോണ്‍ വിളിക്കും. പ്രമുഖ കമ്പനിയുടെ മാനേജരാണെന്നും മറ്റും പറഞ്ഞാണ് വിളിക്കുക.
തങ്ങളുടെ കമ്പനിയുടെ ഒരു പരിപാടി ഹോട്ടലില്‍ നടക്കുന്നുണ്ടെന്നും അടിയന്തരമായി അഞ്ച് സ്വര്‍ണ നാണയങ്ങള്‍ വേണമെന്നും എന്തു വിലവരുമെന്നും ചോദിക്കും.
വിലയറിഞ്ഞു കഴിഞ്ഞാല്‍ അത് ഹോട്ടലില്‍ എത്തിക്കാന്‍ സാധിക്കുമോ പണം ഇവിടെ വരുമ്പോള്‍ തരാമെന്നും പറയും. ജ്വല്ലറിക്കാര് ജീവനക്കാരുടെ കൈവശം സ്വര്‍ണനാണയങ്ങള്‍ കൊടുത്തയയ്ക്കും.
ഹോട്ടലില്‍ എത്തുമ്പോള്‍ ഫോണ്‍ വിളിക്കാന്‍ പറഞ്ഞതനുസരിച്ച് ജീവനക്കാര്‍ ഇയാളെ വിളിക്കുമ്പോള്‍ താന്‍ മുകളില്‍ മീറ്റിംഗിലാണെന്നും തന്റെ പിഎ താഴെ ഹോട്ടലിന്റെ ലോഞ്ചിലുണ്ടെന്നും അയാളെ കണ്ടാല്‍ മതിയെന്നുമായിരിക്കും മറുപടി.
താഴെ ലോഞ്ചില്‍ കാത്തുനില്ക്കുന്നതും ഫോണ്‍ ചെയ്യുന്നതുമെല്ലാം ഈ തട്ടിപ്പുവീരന് തന്നെയാണെന്ന് ജ്വല്ലറി ജീവനക്കാരും തിരിച്ചറിയുന്നില്ല.
ലോഞ്ചില്‍വച്ച് പിഎ എന്ന് സ്വയം പരിചയപ്പെടുത്തി ജീവനക്കാരില്‍നിന്നും സ്വര്‍ണനാണയം വാങ്ങി മുകളില്‍ പോയി മാനേജരെ കാണിച്ച് പണവുമായി ഇപ്പോള്‍ വരാമെന്നും നിങ്ങള്‍ ലോഞ്ചില്‍ വെയ്റ്റ് ചെയ്യൂവെന്നും ഇയാള്‍ പറയും.
തട്ടിപ്പ് തീരെ പ്രതീക്ഷിക്കാതെ ജീവനക്കാര്‍ ഇയാള്‍ പറയുംപോലെ സ്വര്‍ണനാണയങ്ങള്‍ ഇയാളുടെ കൈവശം കൊടുത്തയച്ച് ലോഞ്ചില്‍ കാത്തിരിക്കും. ലിഫ്റ്റില്‍ കയറി മുകളിലേക്ക് പോകുന്ന ഇയാള്‍ മറ്റേതെങ്കിലും വഴിയിലൂടെ ഹോട്ടലില്‍നിന്ന് മുങ്ങും.
പണത്തിനായി കാത്തിരിക്കുന്ന ജ്വല്ലറി ജീവനക്കാര്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഇയാളെ കാണാതാകുമ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിയുക.
ആലപ്പുഴയിലും കോഴിക്കോട്ടും തൃശൂരും അങ്കമാലിയിലുമൊക്കെ പ്രമുഖ ജ്വല്ലറികളിലാണ് ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പു നടത്തി സ്വര്‍ണനാണയങ്ങളും സോളിസിറ്റര്‍ ഡയമണ്ട് റിംഗുകളും എല്ലാം അടിച്ചെടുത്തത്.