പ്രദീപ് ഗോപി
ദിനംപ്രതി കാണാതാകുന്ന മക്കള്‍ മാതാപിതാക്കളുടെ നെഞ്ചിലെ അണയാത്ത നെരിപ്പോടാണ്.
മക്കള്‍ക്കായി മാതാപിതാക്കള്‍ ഒത്തിരി കരുതല്‍ കാത്തുസൂക്ഷിക്കുന്നുവെങ്കിലും നമ്മുടെ കൊച്ചു കേരളത്തിലും നമ്മുടെ കണ്മണികള് ദിനേനയും കാണാതാകുന്നു.
ഇവര്‍ എങ്ങോട്ടു പോകുന്നു… ആര് കൊണ്ടു പോകുന്നു… ഇനിയും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. കാണാതാകുന്ന കണ്മണികളെ കണ്ടെത്താന്‍ നമ്മുടെ നാട്ടിലെ അന്വേഷണ രീതികള്‍ ഫലപ്രദമാണോ…
കാണാതാകുന്ന കുട്ടികളില്‍ ചുരുക്കം ചിലര്‍ മാത്രമാണ് തിരിച്ചെത്തുന്നത്, അല്ലെങ്കില്‍ കണ്ടെത്താന്‍ കഴിയുന്നത്. ഇന്നു വരും, നാളെ വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാതാപിതാക്കൾ ഏറെയുണ്ട് നമ്മുടെ നാട്ടിലും.
രാഹുല്‍ എന്ന നൊമ്പരം
ഇന്നും കേരളത്തിന്റെ വലിയ നൊമ്പരമാണ് രാഹുല്‍ എന്ന ഏഴുവയസുകാരന്റെ തിരോധാനം. 16 വര്‍ഷമായി രാഹുലിനായുള്ള കാത്തിരിപ്പ് തുടരുകയാണ്.
2005 മേയ് മാസത്തിലാണ് രാഹുലിനെ കാണാതാകുന്നത്. വീടിനു സമീപത്തെ മൈതാനത്ത് അമ്മയുടെ അനുവാദത്തോടെ അയല്‍വീട്ടിലെ കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ പോയതായിരുന്നു രാഹുല്‍. ക്രിക്കറ്റ് ബാറ്റും കൈയില്‍ പിടിച്ച് പോകുന്ന രാഹുലാണ് കൂട്ടുകാരുടെ അവസാന ഓര്‍മചിത്രം.
ആലപ്പുഴ ആശ്രാമം വാര്‍ഡില്‍ രാജു – മിനി ദമ്പതികളുടെ മകന്. ക്രിക്കറ്റ് കളിക്കിടെ കൂട്ടുകാര്‍ വഴക്കുണ്ടാക്കുന്നുവെന്നു പറഞ്ഞു കളി മതിയാക്കി രാഹുല്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു എന്നാണ് കൂട്ടുകാരുടെ മൊഴി.
മൈതാനത്തിനു സമീപമുള്ള പൊതുടാപ്പില്‍ നിന്നു രാഹുല്‍ വെള്ളം കുടിക്കുന്നതും കൂട്ടുകാര്‍ കണ്ടിരുന്നു. പിന്നീടാരും രാഹുലിനെ കണ്ടിട്ടില്ല.
സന്ധ്യ കഴിഞ്ഞിട്ടും രാഹുല്‍ വീട്ടിലെത്താതെ വന്നതോടെ അന്വേഷണം തുടങ്ങി. ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനില്‍ പരാതിയും നല്കി.
കുവൈറ്റില്‍ ജോലി ചെയ്യുകയായിരുന്ന രാജന് ഏകമകന് രാഹുലിന്റെ തിരോധാന വാര്‍ത്തയറിഞ്ഞ് മൂന്നാം ദിവസം നാട്ടിലെത്തി. മകനു വേണ്ടി ആ അച്ഛനും ഒപ്പം നാട്ടുകാരും പോലീസും നടത്തിയ തെരച്ചിലിനൊന്നും ഫലം കണ്ടില്ല.
കൊലക്കേസ് പ്രതിയുടെ മൊഴി
ഇതിനിടെ 2005 ഡിസംബറില്‍ രാഹുലിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് ഒരു കൊലക്കേസ് പ്രതി മൊഴി നല്കി.
മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്നു വയസുകാരി നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഹരിപ്പാട് സ്വദേശി കൃഷ്ണപിള്ളയാണ് ഈ മൊഴി നല്‍കിയത്. ഈ മൊഴി കുറച്ചൊന്നുമല്ല പോലീസിനെ വട്ടം കറക്കിയത്.
രാഹുലിനെ പീഡിപ്പിച്ച് കൊലപ്പെപ്പെടുത്തിയ ശേഷം മൃതദേഹം മറവ് ചെയ്തെന്നു കൃഷ്ണപിള്ള പറഞ്ഞ സ്ഥലങ്ങളിലെല്ലാം ജെസിബി ഉപയോഗിച്ച് മാന്തി തെരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.
തങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കൃഷ്ണപിള്ള പരസ്പരവിരുദ്ധമായ മൊഴി നല്‍കുന്നതെന്ന സംശയം പോലീസിനു ബലപ്പെട്ടു.
മാനസിക രോഗിയായി സ്വയം ചിത്രീകരിച്ചു കാണിക്കാനും അതുവഴി നാടോടി ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ നിന്നു രക്ഷപ്പെടാനാണ് ഈ മൊഴിമാറ്റമെന്ന നിഗമനത്തില്‍ പോലീസ് ഒടുവിൽ എത്തിച്ചേര്‍ന്നു.
രാഹുലിനെ കാണാതായ ദിവസം രാഹുലിന്റെ ഒരു ബന്ധുവിനൊപ്പം മറ്റൊരു കൊലക്കേസ് പ്രതി ഓട്ടോറിക്ഷയില്‍ പോകുന്നതു കണ്ടു എന്ന നാട്ടുകാരിലൊരാളുടെ മൊഴിയെത്തുടര്‍ന്ന് ആ വഴിക്കും അന്വേഷണം നടന്നു.
അതിലും ഒന്നും കണ്ടെത്താനായില്ല. രാഹുലിനായി ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കേസിലെ വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ അന്ന് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ഒടുവില്‍ നേരറിയാന്‍ സിബിഐ എത്തിയിട്ടും രാഹുല്‍ ഇന്നും ഓര്‍മകളില്‍ മാത്രം.
അഖിലിനെ കാത്ത്….
രാഹുലിനെ കാണാതായ 2005 മേയ് മാസത്തില്‍ തന്നെയാണ് തിരുവനന്തപുരം സ്വദേശിയായ അഖില്‍ എന്ന ഭിന്നശേഷിക്കാരനായ പതിനാറുകാരനെയും കാണാതായത്.
ചിത്രരചനയില്‍ സംസ്ഥാനതലത്തില്‍ വരെ സമ്മാനം നേടിയ അഖില്‍ മുടിവെട്ടാന്‍ പുറത്തു പോയതായിരുന്നു. പിന്നീടു തിരിച്ചു വന്നില്ല. അഖിലിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോഴും അച്ഛന് ഗോപിയും അമ്മ സുലോചനയും…
മറക്കില്ല താഹിറിനെ…
കേരളത്തെയാകെ ഞെട്ടിച്ച മറ്റൊരു സംഭവമായിരുന്നു കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ നിന്നു 1998 സെപ്റ്റംബര്‍ രണ്ടിന് താഹിര്‍ എന്ന രണ്ടര വയസുകാരന്റെ തിരോധാനം.
പാറയ്ക്കല്‍ ജലീല്‍ – റഷീദ ദമ്പതികളുടെ ആദ്യത്തെ കണ്മണിയായിരുന്നു താഹിര്‍. പ്രധാന റോഡിനോട് ചേര്‍ന്നായിരുന്നു ഇവരുടെ വീട്.
താഹിര്‍ മുറ്റത്ത് കളിക്കുന്നത് കണ്ടാണ് അമ്മ അടുക്കളയിലേക്ക് പോയത്. കുറച്ചു കഴിഞ്ഞ് മുറ്റത്തേക്ക് വന്നപ്പോഴാണ് പൊന്നുമകനെ കാണാതായ വിവരം ആ അമ്മ അറിയുന്നത്.
അന്ന് ആ ദിവസം അവിടെ ശക്തമായ മഴ പെയ്തിരുന്നു. വീടിനടുത്തു തോടും കിണറും ഉള്ളതിനാല്‍ ആ വഴിക്കായിരുന്നു ആദ്യ അന്വേഷണം.
കണ്ടെത്താന്‍ കഴിയാതെ വന്നതോടെ കാഞ്ഞിരപ്പള്ളി പോലീസില്‍ വിവരമറിയിച്ചു. പോലീസ് അന്വേഷണത്തിലും താഹിറിനെ കണ്ടെത്താനായില്ല.
വര്‍ഷങ്ങള്‍ക്കു ശേഷം താഹിറിന്റെ മുഖഛായയുള്ള ഒരു കുട്ടി ഇടുക്കി ജില്ലയിലെ ഏലപ്പാറയില്‍ ഉണ്ടെന്ന വിവരം ലഭിച്ചു.
ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ അതു താഹിര്‍ അല്ലെന്നു വ്യക്തമായി. 21 വര്‍ഷത്തിനിടെ ലോക്കല്‍ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചിട്ടും താഹിര്‍ ഇന്നു കാണാമറയത്ത് തന്നെ….
(തുടരും)