കൊച്ചി: നടി ഹണി റോസിനെ അപമാനിച്ചെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പോലീസിന്റെ നിലപാട് തേടിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിനെതിരേ ഇതുവരെ കേസ് എടുത്തിട്ടില്ലെന്ന റിപ്പോര്‍ട്ട് പോലീസ് കോടതിക്ക് നല്‍കിയത്.
സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസിന്റെ പരാതി. കൂടാതെ തൃശൂര്‍ സ്വദേശി സലിമും രാഹുലിനെതിരേ പരാതി നല്‍കിയിരുന്നു.
ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്റെ വാദം. ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തത്.
സൈബര്‍ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ല. ആര്‍ക്കെതിരേയും സൈബര്‍ അധിക്ഷേപം പാടില്ല എന്നാണ് തന്റെ നിലപാട് എന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. കേസ് ഈ മാസം 27 ലേക്ക് മാറ്റി.