കായംകുളം: സ്വന്തമായി വീടില്ലാതെ വാടക വീട്ടിൽ പ്രയാസപ്പെട്ട് കഴിഞ്ഞ സ്റ്റുഡൻസ് പോലീസ് കേഡറ്റ് രാഹുലിന് ഭൂമി നൽകിയതിനു പിന്നാലെ വീട് നിർമിക്കാനും പോലീസ് സേനയുടെ കൈത്താങ്ങ്.
വീട് നിർമിക്കാൻ ഒരു തുണ്ട് ഭൂമിയില്ലാതെ പ്രയാസപ്പെട്ട രാഹുലിന് കഴിഞ്ഞയാഴ്ചയാണ് കായംകുളം ജനമൈത്രി പോലീസ് സ്റ്റേഷനിലെ എഎസ് ഐ ഹാരിസ് തന്റെ ഭൂമിയിൽ നിന്ന് അഞ്ച് സെന്റ് ദാനമായി നൽകിയത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ആലപ്പുഴ ജില്ലാ പോലീസ് എംപ്ലോയീസ് സഹകരണ സംഘം രാഹുലിന് വീട് നിർമിച്ചു നൽകുമെന്ന് അറിയിച്ചിരിക്കുന്നത്.
കായംകുളം ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ രാഹുലിന് സ്വന്തം വീടെന്ന സ്വപ്നം ഇതോടെ സഫലീകരിക്കപ്പെടുകയാണ്. ഭൂമിയുടെ ഒരു ഭാഗം പകുത്തുനൽകിയ കായംകുളം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഹാരീസിനെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആദരിച്ചു.
ജില്ലാ പ്രസിഡന്റ് ബിജു.വി.നായർ അധ്യക്ഷത വഹിച്ചു. അഡ്വ. യു.പ്രതിഭ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ ആദർശ് എഎസ് ഐ ഹാരിസിന് ഉപഹാരം നൽകി. ജില്ലാ പോലീസ് മേധാവി പി. എസ്. സാബു മുഖ്യപ്രഭാഷണം നടത്തി പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ .ബിജു, കൗൺസിലർ രാജശ്രീ കമ്മത്ത് കെ പി എ ജില്ലാ സെക്രട്ടറി വിവേക് , കെ പി എച്ച് സി മെമ്പർ ഫിലിപ്പ്, ജില്ലാ പോലീസ് സഹകരണസംഘം പ്രസിഡന്റ് എം. മനോജ്, കെപി എം ജില്ലാ സെക്രട്ടറി കെ. ജയകൃഷ്ണൻ, ജോ. സെക്രട്ടറി ബോബൻ എന്നിവർ പ്രസംഗിച്ചു.