തൃശൂർ: പകരക്കാരനായി ഇറങ്ങി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച് ഐഎസ്എൽ ആറാം സീസണിൽ മലയാളി താരം രാഹുൽ കണ്ണോളി പ്രവീണ്‍ എന്ന കെ.പി.രാഹുലിന്റെ അരങ്ങേറ്റം അടിപൊളി. ഇന്നലെ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സിയുമായി ഏറ്റുമുട്ടാനിറങ്ങുന്പോൾ ആദ്യ ഇലവനിൽ രാഹുലുണ്ടായിരുന്നില്ല. എന്നാൽ മത്സരം മുന്നേറുന്പോൾ സബ്സ്റ്റിറ്റിയൂട്ടായി രാഹുൽ ഗ്രൗണ്ടിലിറങ്ങിയപ്പോൾ ഒല്ലൂക്കരയിലെ കണ്ണോളിവീട്ടിലും ആഹ്ലാദം അലതല്ലി.
ഗോളടിക്കാനായില്ലെങ്കിലും മികച്ച പാസുകൾ കൊണ്ട് രാഹുൽ കളം നിറയുന്നത് കണ്ട് രാഹുലിന്റെ വീട്ടുകാർ കയ്യടിക്കുന്നുണ്ടായിരുന്നു.ഫുട്ബോൾ പ്രേമികളായ തൃശൂർക്കാർ രാഹുലിന്റെ മത്സരം ടിവിയിലൂടെ തത്സമയം കണ്ടുകൊണ്ടിരുന്നു.
ബ്ലാസ്റ്റേഴ്സിനു വേണ്ടി രാഹുലിന്റെ അരങ്ങേറ്റം ഗംഭീരമായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. ഗ്രൗണ്ടിൽ മിന്നൽപിണർ പോലെ പാഞ്ഞുകളിച്ച രാഹുലിന് തുടർമത്സരങ്ങളിലും അവസരം ലഭിക്കുമെന്നാണ് വീട്ടുകാരും ആരാധകരും സുഹൃത്തുക്കളും കരുതുന്നത്. ഇന്ത്യ ആതിഥേയത്വം വഹിച്ച അണ്ടർ 17 ലോകകപ്പിൽ കളിച്ച ഏക മലയാളിയായിരുന്നു രാഹുൽ.
ഒല്ലൂക്കര കണ്ണോളി വീട്ടിൽ പ്രവീണിന്റെയും ബിന്ദുവിന്റെയും മകനാണ്. ബ്ലാസ്റ്റേഴ്സ് ടീമിൽ സീനിയർ താരങ്ങൾക്കൊപ്പം പരിശീലനത്തിന് എത്തുന്പോഴുണ്ടായിരുന്ന പരിഭ്രമവും ടെൻഷനുമൊന്നും ഇന്നലെ കളിക്കളത്തിൽ മുംബൈ സിറ്റി എഫ്സിയിലെ കളിക്കാരോട് കൊന്പുകോർക്കുന്പോൾ രാഹുലിൽ പ്രകടമായിരുന്നില്ല. രാഹുൽ നന്നായി കളിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് തോൽവി ഏറ്റുവാങ്ങിയതിന്റെ വിഷമത്തിലായിരുന്നു രാഹുലിന്റെ വീട്ടുകാർ.