സുൽത്താൻബത്തേരി: ദേശീയപാത 766ലെ രാത്രിയാത്ര വിലക്കു നീക്കണമെന്നു ആവശ്യപ്പെട്ടും പാത അടച്ചിടാനുള്ള നീക്കത്തിനെതിരെയും സർവകക്ഷി ആക്ഷൻ കൗണ്‍സിലിന്റെ നിയന്ത്രണത്തിൽ ബത്തേരി സ്വതന്ത്രമൈതാനിയിൽ യുവജനസംഘടനകളുടെ കൂട്ടായ്മ നടത്തുന്ന നിരാഹാരസമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തിയ രാഹുൽഗാന്ധിയിൽനിന്നു കൊതിച്ചതു കേൾക്കാനാകാത്തതിന്റെ നിരാശയിൽ ജനക്കൂട്ടം.
രാത്രിയാത്ര നിരോധനം നീക്കുന്നതിനു സഹായകമായ നിലപാട് സ്വീകരിക്കാൻ കർണാടക സർക്കാരിലും പാത അടയ്ക്കുന്നതു ഒഴിവാക്കുന്നതിനു ഉതകുന്ന സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിക്കാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലും ഇടപെടുമെന്ന പ്രഖ്യാപനം രാഹുൽഗാന്ധിയിൽനിന്നു ഉണ്ടാകുമെന്നാണ് സ്വതന്ത്രമൈതാനിയിൽ തിങ്ങിക്കൂടിയ ആൾക്കൂട്ടം പ്രതീക്ഷിച്ചത്.
ദേശീയപാത വിഷയം ടൈഗർ കണ്‍സർവേഷൻ അഥോറിറ്റി ചെയർമാനുമായ പ്രധാനമന്ത്രിയെ നേരിൽക്കണ്ട് അവതരിപ്പിക്കുമെന്നു ലോകനേതാക്കളുടെ നിരയിലുള്ള രാഹുൽഗാന്ധി പ്രസ്താവിക്കുമെന്നും ജനക്കൂട്ടം കരുതി. എന്നാൽ ദേശീയപാത വിഷയത്തിൽ വയനാട്ടുകാർക്കൊപ്പം നിൽക്കും.
പ്രശ്നപരിഹാരത്തിനു ബുദ്ധിപരവും സൂക്ഷ്മബോധമുള്ളതുമായ ഇടപെടൽ നടത്തും. സുപ്രീം കോടതിയിലുള്ള കേസിൽ പാർട്ടിയിലെ പ്രമുഖ അഭിഭാഷകരുടെ സേവനം ഉറപ്പുവരുത്തും…എന്നിങ്ങനെ ജനങ്ങളിൽ പ്രതീക്ഷ വർധിപ്പിക്കാൻ കഴിയാത്ത പ്രസ്താവനകളാണ് രാഹുൽഗാന്ധി നടത്തിയത്.