ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്നാട്ടിലെത്തിയ രാഹുല്‍ ഗാന്ധി മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് തമിഴ്നാട് ബിജെപി.
കഴിഞ്ഞയാഴ്ച കന്യാകുമാരി ജില്ലയിലെ സ്കൂള്‍ കുട്ടികളുമായി സംവദിച്ച രാഹുല്‍ രാഷ് ട്രീയ സംവാദം നടത്തുകയായിരുന്നുവെന്ന് ബിജെപി അറിയിച്ചു.
രാഹുലിനെതിരേ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ എല്‍. മുരുഗന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സത്യബ്രത സഹൂവിന് പരാതി നല്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ പ്രചാരണം നടത്തുന്നത് പെരുമാറ്റ ചട്ട ലംഘനമാണെന്നും അതിനെതിരേ നിരോധിത ഉത്തരവ് ഉള്‍പ്പെടെ ശക്തമായ നടപടി വേണമെന്നും ബിജെപിയുടെ പരാതിയിലുണ്ട്.
പരാതികള്ക്കെതിരേ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. യുവാക്കളോട് അടുത്തൊരു സ്വാതന്ത്ര്യസമരപോരാട്ടത്തിന് ആഹ്വാനം ചെയ്തതിനു രാഹുലിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിനോട് നിര്‍ദേശിക്കണമെന്നും പരാതിയിലുണ്ട്.
ഏപ്രില്‍ ആറിനു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രണ്ടുതവണയാണ് രാഹുല്‍ ഗാന്ധി തമിഴ്നാട്ടിലെത്തിയത്. പ്രധാന പ്രതിപക്ഷമായ ഡിഎംകെയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് തമിഴ്നാട്ടില്‍ മത്സരിക്കുന്നത്.
കന്യാകുമാരിയിലെ സെന്റ് ജോസഫ്സ് മെട്രിക് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളുമായാണ് വിവിധ വിഷയങ്ങളിലാണ് രാഹുല്‍ സംവദിച്ചത്.