സെബി മാത്യു
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചൊഴിയും എന്ന നിലപാടിൽ തെല്ലും മാറ്റമില്ലാതെ രാഹുൽ ഗാന്ധി. മുതിർന്ന നേതാക്കളും പ്രിയങ്ക ഗാന്ധിയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അധ്യക്ഷ സ്ഥാനത്ത് തുടരാൻ ഇനിയില്ല എന്നു തന്നെയാണ് ഇന്നലെയും രാഹുൽ ആവർത്തിച്ചത്.
നിലവിൽ പ്രിയങ്കയ്ക്ക് മാത്രമേ രാഹുലിനെ അനുനയിപ്പിക്കാൻ സാധിക്കൂ എന്ന സാധ്യത മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. ശനിയാഴ്ച നടന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം ഇന്നലെ മൂന്നാം ദിവസവും രാഹുൽ ഗാന്ധി എഐസിസി ആസ്ഥാനത്തേക്ക് എത്തിയില്ല. തർക്കവിഷയങ്ങൾ സംബന്ധിച്ച ചർച്ചകളെല്ലാം 12 തുഗ്ലക്ക് ലെയിനിലെ രാഹുൽ ഗാന്ധിയുടെ വസതിയിലാണു നടക്കുന്നത്.
ലോക്സഭയിൽ പാർട്ടിയെ താൻ നയിക്കാം എന്നൊരു നിർദേശം രാഹുൽ മുന്നോട്ടു വച്ചതായും വിവരമുണ്ട്. അതിനിടെ കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കൾ വിഷയം ചർച്ച ചെയ്യുന്നതിനായി ഇന്നലെ വൈകുന്നേരം രാഹുലിന്റെ വസതിയിൽ യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. വൈകുന്നേരത്തോടെ കെ.സി. വേണുഗോപാലും ഗുലാം നബി ആസാദും കർണാടക വിഷയ പരിഹാരത്തിനായി ഡൽഹി വിട്ടു.
കർണാടകയും രാജസ്ഥാനും മധ്യപ്രദേശും തലവേദനയായി നിൽക്കുന്നതിനിടയിലാണ് രാഹുലിനെ അനുനയിപ്പിക്കാനുള്ള ചുമതല കൂടി നേതാക്കളുടെ മുന്നിലെത്തുന്നത്. രാഹുൽ തീരുമാനത്തിൽനിന്നു പിന്മാറില്ലെന്നാണ് ആസാം മുൻ മുഖ്യമന്ത്രിയും പ്രവർത്തക സമിതി അംഗവുമായ തരുണ്‍ ഗോഗോയ് പറഞ്ഞത്. ഗോഗോയിയുടെ മകനും രാഹുൽ ബ്രിഗേഡിലെ മുൻ എംപിയുമായിരുന്ന ഗൗരവ് ഗോഗോയും ഇത്തവണ പരാജയപ്പെട്ടിരുന്നു.
ഇന്നലെ കൂടിക്കാഴ്ച ആവശ്യപ്പെട്ട മുതിർന്ന നേതാക്കളെ പലരെയും കാണാൻ രാഹുൽ കൂട്ടാക്കിയില്ല. ഇതിനിടെ, രാജസ്ഥാൻ കോണ്‍ഗ്രസിലെ പിണക്കവും രാഹുലിന്റെ മുന്നിലെത്തി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമായും രാഹുൽ ഇന്നലെ വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തി. പ്രിയങ്ക ഗാന്ധിയും ഇന്നലെ രാഹുലിന്റെ വസതിയിലുണ്ടായിരുന്നു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാലയും ഉച്ചയോടെ രാഹുലിനെ കാണാനെത്തി.
വേണുഗോപാലിന് മുൻപ് എഐസിസി സംഘടനാ ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി ആയിരുന്നു അശോക് ഗെലോട്ട്. ഇദ്ദേഹത്തിനു വീണ്ടും എഐസിസി ചുമതല കൊടുത്തിട്ട് സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കുക എന്നൊരു ഫോർമുലയും രാഹുലിന്റെ മുന്നിലുണ്ട്.
എന്നാൽ, ഗെലോട്ട് സംസ്ഥാനത്ത് 182 റാലികൾ നടത്തിയെന്നും ഓരോ മണ്ഡലത്തിലും മുന്നൂ തവണ എങ്കിലും സന്ദർശനം നടത്തിയെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദിച്ചു. മധ്യപ്രദേശിൽ കമൽനാഥിനെ പാർട്ടി അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കി പകരം ജ്യോതിരാദിത്യ സിന്ധ്യക്ക് ചുമതല നൽകണമെന്ന് സംസ്ഥാന മന്ത്രിമാരടക്കം ആവശ്യം ഉന്നയിച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പു നടപടികളുടെ ഭാഗമായി രാഹുൽ ഇന്നലെ പാർലമെന്റിൽ പോയിരുന്നു.