തുറവൂർ: പറഞ്ഞതിലും മിനിറ്റുകൾക്കു മുന്നേ ജില്ലയിലേക്കു കടന്ന രാഹുൽ ആദ്യം ചെയ്തത് അരൂരിലുള്ള അരൂർ ബേക്കറിയിലേക്കു കയറുകയാണ്.
ചായയും സുഖിയനും സമൂസയും മുറുക്കുമടക്കം മധുരപലഹാരങ്ങളും കഴിച്ച് അവിടത്തെ തൊഴിലാളികളോടു വിശേഷം ചോദിച്ചായിരുന്നു ജില്ലയിലെ റോഡ് ഷോയുടെ തുടക്കം.
കൃത്യം മൂന്നേമുക്കാലോടെ തന്നെ ജില്ലാ അതിർത്തിയായ അരൂരിലെത്തിയ രാഹുൽ ഗാന്ധിയെ അരൂരിലെ സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
നാലുമണിയോടെ വാഹനത്തിൽ പര്യടനം തുടങ്ങി. ജംഗ്ഷനുകളിൽ ജനക്കൂട്ടത്തെ കണ്ടപ്പോഴെല്ലാം വാഹനം നിർത്തി അവരെ അഭിവാദ്യം ചെയ്തായിരുന്നു മുന്നേറ്റം.
ആദ്യസമ്മേളനത്തിനു മുന്നേ കയറുമെന്ന് പറഞ്ഞിരുന്ന സഹകരണ സംഘത്തിൽ യോഗം കഴിഞ്ഞാണ് പോയതെന്നു മാത്രം.
ടി.കെ. സദാനന്ദൻ സ്മാരക പട്ടണക്കാട് കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ് സഹകരണ സംഘത്തിൽ കയർനെയ്ത്ത് തൊഴിലാളികളോടു സംവദിച്ച് കയർമേഖലയിലെ പ്രശ്നങ്ങളും ചോദിച്ചറിഞ്ഞു. പത്തുമിനിറ്റോളം അദ്ദേഹം അവിടെ ചെലവഴിച്ചു.
അരൂർ ജംഗ്ഷൻ, ചന്തിരൂർ, എരമല്ലൂർ, കുത്തിയതോട്, തുറവൂർ, പൊന്നാംവെളി, പട്ടണക്കാട് തുടങ്ങി പലയിടത്തും തടിച്ചുകൂടിയ ജനങ്ങളെ അദ്ദേഹം വാഹനത്തിന്റെ വേഗം കുറപ്പിച്ച് അഭിവാദ്യം ചെയ്തു.
യോഗസ്ഥലങ്ങളിലാകട്ടെ കാവൽപ്പടയുടെ പ്രതിബന്ധങ്ങളെ തട്ടിനീക്കി ആവേശപൂർവം കാത്തുനിന്ന് മുദ്രാവാക്യം മുഴക്കിയ ജനക്കൂട്ടത്തിലേക്കിറങ്ങാനും പലപ്പോഴും ശ്രമിച്ചു.
യോഗാനന്തരം പുറത്തേക്കിറങ്ങുന്പോൾ എത്തിയ കുഞ്ഞുങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാനും സമയം കണ്ടെത്തി.
മുന്പ് വന്നപ്പോൾ പോളിയോ നല്കിയ അദി ആയുഷ് എന്ന ഏഴുവയസുകാരനും കാണാനെത്തിയിരുന്നു.