മുംബൈ: ബിസിസിഐ ചീഫ് എക്സിക്യുട്ടീവ് രാഹുൽ ജോഹ്റിക്കെതിരായ മീ ടു ആരോപണത്തിൽ ബിസിസിഐക്കു ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ കത്ത്. ജോഹ്റിക്കെതിരേ നടപടി സ്വീകരിക്കുന്നതിൽ സുപ്രീം കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലുണ്ടായ ഭിന്നാഭിപ്രായങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയാണു ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ.ഖന്ന, സെക്രട്ടറി അമിതാഭ് ചൗധരി എന്നിവർക്കു ഗാംഗുലി കത്തെഴുതിയത്.
അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ വിനോദ് റായ് ജോഹ്റിയെ സ്ഥാനത്തുനിന്നു മാറ്റണമെന്ന നിലപാടാണു സ്വീകരിച്ചത്. എന്നാൽ മുൻ വനിതാ ക്രിക്കറ്റ് താരം ഡയാന എഡുൾജി ഇതിനു വിരുദ്ധമായ നിലപാട് സ്വീകരിച്ചു. ജോഹ്റിക്കെതിരായ ആരോപണം അന്വേഷിക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആരോപണത്തിൽ അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മിറ്റി ജോഹ്റിയിൽനിന്നു വിശദീകരണം തേടുകയും ചെയ്തു.
പേരു വെളിപ്പെടുത്താത്ത സ്ത്രീയാണ് ട്വിറ്ററിൽ ജോഹ്റിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചത്. ബിസിസിഐയിൽ പ്രവേശിക്കുന്നതിനു മുന്പ് നിഷെ സാറ്റലൈറ്റ് ചാനലിൽ ജോലി ചെയ്തിരുന്ന കാലത്ത് ലൈംഗികമായി അപമാനിച്ചു എന്ന് ഇയാളുടെ മുൻ സഹപ്രവർത്തകയായ സ്ത്രീ ആരോപിച്ചു.
2016 ജൂണിലാണ് ജോഹ്റി ബിസിസിഐ സിഇഒയായി ചുമതലയേറ്റത്. ഡിസ്കവറി നെറ്റ് വർക്ക്സ് ഏഷ്യ പസഫിക്കിന്റെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ്, സൗത്ത് ഏഷ്യ ജനറൽ മാനേജർ പദവികൾ വഹിച്ചശേഷമാണ് അദ്ദേഹം ബിസിസിഐയിലേക്ക് എത്തുന്നത്.