ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്ന് ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. രാഹുൽ സ്ഥിരമായി കൊക്കെയ്ൻ ഉപയോഗിക്കാറുണ്ടെന്നും പരിശോധന നടത്തിയാൽ ഉറപ്പായും പരാജയപ്പെടുമെന്നും സ്വാമി ആരോപിച്ചു.
രാഹുൽ ഗാന്ധി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നു, പ്രത്യേകിച്ച് കൊക്കെയ്ൻ. ഉത്തേജക പരിശോധന നടത്തിയാൽ അയാൾ ഉറപ്പായും പരാജയപ്പെടും- സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
70 ശതമാനം പഞ്ചാബികളും ലഹരിമരുന്ന് ഉടമകളാണെന്ന പരാമർശത്തിനെതിരേ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ്. രാഹുൽ ഗാന്ധിയാണ് 70 ശതമാനം പഞ്ചാബികളും ലഹരിക്ക് അടിമകളാണെന്നു പറഞ്ഞതെന്നും രാഹുലിനെ ഉത്തേജക പരിശോധനയ്ക്കു വിധേയനാക്കണമെന്നും സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു.
ക്ലാർക്ക് മുതൽ പോലീസ് വരെയുള്ള എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും പഞ്ചാബിൽ മയക്കുമരുന്നു പരിശോധന നിർബന്ധമാക്കി മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ, മയക്കുമരുന്നു കടത്തുകാർക്കും വിൽപ്പനക്കാർക്കും വധശിക്ഷ നൽകുന്ന തരത്തിൽ നിയമം നിർമിക്കണമെന്നു സർക്കാർ കേന്ദ്രത്തോടു നിർദേശിക്കുകയും ചെയ്തു.