സജീവൻ പൊയ്ത്തുംകടവ്
കണ്ണൂർ: ഇന്നലെ രാത്രി 9.55 ഓടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം കണ്ണൂർ ഗസ്റ്റ്ഹൗസിൽ എത്തുന്പോൾ കെ.സി. ജോസഫ് എംഎൽഎ, കെ. സുധാകരൻ, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി തുടങ്ങിയവർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇന്നോവ കാറിൽ നിന്ന് ഇറങ്ങിയ രാഹുൽ കൂപ്പുകൈകളോടെ നേതാക്കളുടെ നേരെ നടന്നുനീങ്ങി. കെ. സുധാകരൻ രാഹുലിനെ ഷാൾ അണിയിച്ചു. തുടർന്ന് ഗസ്റ്റ് ഹൗസിലെ പുതിയ ബ്ലോക്കിലെ പ്രത്യേകം തയാറാക്കിയ മുറിയിലേക്ക് പോയി. കുളികഴിഞ്ഞ് അത്താഴവും കഴിഞ്ഞ് എത്തിയ രാഹുൽ നേതാക്കളുമായി ചർച്ചയ്ക്കിരുന്നു.
രാഹുലിന്റെ കൂടെ ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, കെപിപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി.ജോസഫ് എംഎൽഎ, സ്ഥാനാർഥി കെ.സുധാകരൻ, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവരുമായുള്ള 20 മിനിറ്റോളം നീണ്ടു. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തിയ അദ്ദേഹം
“രാഹുൽ തരംഗം’ വയനാടിന് പുറത്തുള്ള ജില്ലകളിൽ എത്രത്തോളമുണ്ടെന്ന് നേതാക്കളോട് ചോദിച്ചറിഞ്ഞു. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട കരുനീക്കങ്ങളെക്കുറിച്ച് നേതാക്കൾക്ക് നിർദേശം നൽകി.
പയ്യാന്പലം കടലിന്റെ കുളിർമയേറ്റ് രാഹുൽ
നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ രാഹുൽ ഗാന്ധി അറബിക്കടലിന്റെ ഭംഗി നോക്കിക്കണ്ടു. അഞ്ചുമിനിട്ടോളം ഗസ്റ്റ് ഹൗസിന് സമീപത്തു നിന്ന് കടലിന്റെ ഭംഗി ആസ്വദിച്ചു. തുടർന്ന് 10.50 ഓടെയാണ് അദ്ദേഹം ഗസ്റ്റ് ഹൗസിലെ പുതിയ ബ്ലോക്കിൽ പ്രത്യേകം ഒരുക്കിയ മുറിയിലേക്ക് പോയത്.
രാഹുൽ ഉറങ്ങാൻ പോയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. ഗസ്റ്റ് ഹൗസിലേക്കുള്ള റോഡ് അടച്ചു. നേരം പുലരുന്നതുവരെ പ്രദേശത്ത് റോന്തുചുറ്റുകയും ഗസ്റ്റ് ഹൗസിനു സമീപത്തെ കടലിൽ നിരീക്ഷണം നടത്തുകയും ചെയ്തു.
റവ ഉപ്പുമാവും പത്തിരിയും
രാവിലെ അഞ്ചരയോടെയാണ് രാഹുൽ ഗാന്ധി ഉറക്കമുണർന്നത്. കുളിച്ച് വെള്ള കുർത്തയും പാന്റ്സും ധരിച്ചാണ് പുറത്തെത്തി. റവ ഉപ്പുമാവും പത്തിരിയും വെജിറ്റബിൾ കറിയുമായിരുന്ന പ്രഭാതഭക്ഷണം. തുടർന്ന് ഇംഗ്ലീഷ് പത്രങ്ങളിൽ കണ്ണോടിച്ചു. ആറരയോടെ ഉമ്മൻചാണ്ടി, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, മുകുൾ വാസ്നിക്, യുഡിഎഫ് സ്ഥാനാർഥികളായ കെ. സുധാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.സി.ജോസഫ് എംഎൽഎ എന്നിവർ ഗസ്റ്റ് ഹൗസിൽ എത്തി. എല്ലാവരോടും കുശലാന്വേഷണം പറഞ്ഞ് ചിരിച്ചു. തുടർന്ന് കെ.സി. വേണുഗോപാലിനോട് സംസാരിച്ച് നീങ്ങിയ രാഹുലിനോട് എസ്പിജി ഉദ്യോഗസ്ഥർ പരിപാടിക്ക് പുറപ്പെടേണ്ട സമയത്തെക്കുറിച്ച് സൂചിപ്പിച്ചു.
ഗസ്റ്റ് ഹൗസിൽ നിന്ന് സാധുവിലേക്ക്
രാവിലെ 8.30 ന് ഗസ്റ്റ് ഹൗസിൽ നിന്ന് യുഡിഎഫ് നേതൃയോഗം നടക്കുന്ന സാധു കല്യാണമണ്ഡപത്തിലേക്ക് രാഹുൽഗാന്ധി പുറപ്പെടുമെന്ന് അറിയിച്ചിരുന്നുവെങ്കിലും 15 മിനിട്ട് വൈകിയാണ് ഗസ്റ്റ് ഹൗസിൽ നിന്ന് പുറപ്പെട്ടത്. എസ്പിജി സുരക്ഷയ്ക്ക് പുറമെ പത്തോളം വാഹനങ്ങളിൽ കേരള പോലീസും സുരക്ഷ ഒരുക്കിയിരുന്നു.
ഗസ്റ്റ്ഹൗസ് മുതൽ മൂന്നു കിലോമീറ്റർ അകലെയുള്ള താണയിലെ സാധു കല്യാണമണ്ഡപം വരെ ഇരുന്നൂറിലധികം പോലീസുകാരെ സുരക്ഷയ്ക്കായി നിയമിച്ചിരുന്നു. മാത്രമല്ല, രാവിലെ 8.30 മുതൽ 10 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങൾ പോലീസ് നീക്കംചെയ്തു.
പയ്യാന്പലത്തെ ഗസ്റ്റ് ഹൗസ് മുതൽ സാധു കല്യാണമണ്ഡപം വരെയുള്ള റോഡരികിൽ പ്രിയ നേതാവിനെ കാണാൻ നിരവധിയാളുകൾ തടിച്ചുകൂടിയിരുന്നു. ഗസ്റ്റ് ഹൗസിന് മുന്നിലേക്ക് രാവിലെ 5.50 മുതൽ കൊടികൾ വീശിയും മുദ്രാവാക്യം മുഴക്കിയും പ്രവർത്തകർ ആവേശത്തോടെ എത്തിയിരുന്നു. ഇരിട്ടി ഉൾപ്പെടെയുള്ള മലയോരമേഖലകളിൽ നിന്ന് പെൺകുട്ടികളടക്കം രാവിലെ തന്നെ ഗസ്റ്റ് ഹൗസിന് മുന്നിൽ എത്തിയിരുന്നു.
8.45 ഓടെ രാഹുൽ ഗസ്റ്റ്ഹൗസിൽ നിന്ന് പുറപ്പെട്ടപ്പോൾ പ്രവർത്തകരുടെ ആവേശം ഉച്ചസ്ഥായിലായി. കാറിനുള്ളിലിരുന്ന പുഞ്ചിരിയോടെ കൈവീശി പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് രാഹുൽ യാത്ര തുടർന്നത്. വെള്ള സഫാരിയായിരുന്നു വേഷം. കല്യാണമണ്ഡപത്തിൽ 25 മിനിറ്റോളം നീണ്ട പരിപാടിക്കുശേഷം 9.55 ഓടെ കണ്ണൂർ ഡിഎസ്സി സെന്ററിൽ നിന്ന് ഹെലികോപ്ടറിൽ തിരുനെല്ലിയിലേക്ക് പോയി.