ന്യൂഡൽഹി: കേരളത്തിലെ വെള്ളപ്പൊക്ക ദുരിതത്തെ നേരിടാൻ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ നടപടിയെടുക്കണം. വെള്ളപ്പൊക്ക പ്രശ്നം നേരിടുന്ന കേരളം, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, ആസാം, ബിഹാർ എന്നിവിടങ്ങളിലെ പ്രവർത്തകരോടാണ് ട്വിറ്ററിലൂടെ നിർദേശം നൽകിയത്. ഈ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം മൂലം ലക്ഷക്കണക്കിനു ജനങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണെന്നും മാറിതാമസിക്കേണ്ട സ്ഥിതിയിലാണെന്നും രാഹുൽ ട്വിറ്ററിൽ ചൂണ്ടിക്കാട്ടുന്നു.
എന്റെ ചിന്തയിലും പ്രാർഥനയിലും വയനാട്ടിലെ ജനങ്ങൾ: രാഹുൽ
ന്യൂഡൽഹി: പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന തന്റെ ലോക്സഭാ മണ്ഡലമായി വയനാട്ടിലെത്താൻ താത്പര്യമറിച്ച് രാഹുൽഗാന്ധി. വയനാട്ടിലെ ജനങ്ങൾ എന്റെ ചിന്തയിലും പ്രാർഥനയിലുമുണ്ട്. വയനാട്ടിലേക്കു പുറപ്പെട്ടതായിരുന്നു. എന്നാൽ, എന്റെ സന്ദർശനം രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതിനാൽ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
വയനാട്ടിലേക്കു യാത്ര ചെയ്യാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്-രാഹുൽ ട്വീറ്റ് ചെയ്തു. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ രാഹുൽഗാന്ധി കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. വയനാട്ടിലെ ദുരിതത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചതായും രാഹുൽ അറിയിച്ചു.