ജോണ്സണ് വേങ്ങത്തടം
കൊച്ചി: കോണ്ഗ്രസ് അധ്യക്ഷനും വയനാട് യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽഗാന്ധി വീണ്ടും കേരളത്തിലേക്ക്. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി 16, 17 തീയതികളിൽ കേരളത്തിലെത്തുന്ന രാഹുൽഗാന്ധി തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, ആലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിൽ പ്രചാരണരംഗത്തുണ്ടായിരിക്കും.
റോഡ് ഷോയ്ക്കു പദ്ധതിയിടുന്നുണ്ടെങ്കിലും സുരക്ഷയെ മുന്നിൽ നിർത്തി തടയാനുള്ള നീക്കം നടക്കുന്നുണ്ട്. 17നു പൂർണമായും വയനാട് തന്നെ കേന്ദ്രീകരിക്കാനാണ് രാഹുലിന്റെ തീരുമാനം. ഇതേ സമയം രാഹുൽ ഗാന്ധിക്കു വേണ്ടി പ്രചാരണം നടത്താൻ വയനാട്ടിലേക്ക് കോണ്ഗ്രസിന്റെ താരപ്രചാരകരാണ് എത്തുന്നത്.
നവ്ജ്യോത് സിങ് സിദ്ദു, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്, ഗുലാം നബി ആസാദ്, ഖുശ്ബു എന്നിവർ അടുത്ത ആഴ്ച വയനാട്ടിലെത്തും. 17ന് രാഹുൽ ഗാന്ധിയുടെ രണ്ടാം വയനാട് സന്ദർശനത്തിനു മുന്നോടിയായി മിക്ക നേതാക്കളെയും എത്തിക്കാനാണ് എഐസിസി നേതൃത്വം ലക്ഷ്യമിടുന്നത്.
പത്രിക സമർപ്പണത്തിനു ശേഷം 17ന് മണ്ഡലത്തിൽ വീണ്ടുമെത്തുന്ന രാഹുൽ അന്നു മുഴുവനായി വയനാട്ടിൽ ചെലവഴിക്കും. മാനന്തവാടി, ബത്തേരി, നിലന്പൂർ, വണ്ടൂർ, ഏറനാട്, തിരുവന്പാടി മണ്ഡലങ്ങളിൽ അദ്ദേഹം പര്യടനം നടത്തുമെന്നാണറിയുന്നത്. പരിപാടികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. രാഹുൽ ഗാന്ധിയെത്തുന്നതിനു മുന്നോടിയായി പ്രിയങ്കാ ഗാന്ധിയും ഒരിക്കൽക്കൂടി വയനാട്ടിലേക്കു വരുന്നുണ്ട്.
20ന് ആകുമെന്നാണ് സൂചന. മുസ്ലിം ലീഗും പ്രചരണത്തിൽ സജീവമാണ്. അഞ്ച് ലക്ഷത്തിൽ മുകളിൽ ഭൂരിപക്ഷം രാഹുലിന് ഉറപ്പാക്കാനാണ് യുഡിഎഫ് ശ്രമം. ഇതിന് വേണ്ടി മുസ്ലിം ലീഗും സജീവ ഇടപെടൽ നടത്തുന്നുണ്ട്.
ഇതിനിടയിൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇന്നു റോഡ് ഷോ നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് ശേഷമാണ് കൽപ്പറ്റ നഗരത്തിലൂടെയുള്ള റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ ദേശീയ ശ്രദ്ധയിലേക്കുയർന്ന വയനാട് ലോക്സഭ മണ്ഡലത്തിൽ ശക്തമായ പ്രചാരണ പരിപാടികൾക്കാണ് ഇടതുപക്ഷം തയ്യാറെടുക്കുന്നത്. രാഹുൽ ഗാന്ധിക്കും കോണ്ഗ്രസിനുമെതിരായി കർഷക വികാരം ഉണർത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന കിസാൻ മാർച്ചിന് ഏപ്രിൽ 12 ന് തുടക്കമാകും. ഇതിന് മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ വരവ്. റോഡ് ഷോ വൻ വിജയമാക്കാനാണ് തീരുമാനം.
മന്ത്രിമാരായ കെ .കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ, സുനിൽ കുമാർ എന്നിവർ റോഡ് ഷോയിൽ പങ്കെടുക്കും. മുഖ്യമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. വയനാട്ടിൽ മത്സരിക്കുന്നതിലൂടെ രാഹുൽ ഗാന്ധി എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ആദ്യം ചോദിച്ചത് പിണറായി വിജയൻ ആയിരുന്നു. സിപിഎം സിപിഐ ദേശീയ നേതൃത്വങ്ങളും തുടർന്ന് മുഖ്യമന്ത്രിയുടെ ഈ ചോദ്യം ഏറ്റെടുത്ത് രാഹുൽ ഗാന്ധിക്കെതിരെ ആയുധമാക്കിയിരുന്നു.
യുഡിഎഫ് പ്രവർത്തകരെയാകെ ആവേശത്തിലാക്കിയ രാഹുൽ ഇഫക്ടിന് , അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ഒരുങ്ങിയാണ് ഇടതുപക്ഷതിന്റെ റോഡ് ഷോ. വയനാടിന് പിന്നാലെ വടകരയിലും മുഖ്യമന്ത്രി ഇന്ന് പ്രചാരണത്തിനെത്തും. വൈകീട്ട് കൊയിലാണ്ടിയിലും , കുറ്റ്യാടിയിലുമടക്കമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും.