പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം ഉറപ്പിക്കുന്നതിന് കോണ്ഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ റോഡ്ഷോ.
ഇന്നലെ രാവിലെ 11.20ന് പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തോടു ചേർന്ന ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധിയെ എംപിമാരായ ആന്റോ ആന്റണി, അടൂർ പ്രകാശ്, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, യുഡിഎഫ് ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസ്, കോന്നിയിലെ യുഡിഎഫ് സ്ഥാനാർഥി റോബിൻ പീറ്റർ എന്നിവർ ചേർന്നു സ്വീകരിച്ചു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രാഹുൽഗാന്ധിക്കൊപ്പമുണ്ടായിരുന്നു. നൂറുകണക്കിനു പ്രവർത്തകർ പ്രമാടത്ത് രാഹുൽഗാന്ധിയെ വരവേൽക്കാനുണ്ടായിരുന്നു.
അവിടെനിന്നു പ്രത്യേക വാഹനത്തിൽ കോന്നിയിലേക്കു യാത്ര തിരിച്ചു. റോഡിനിരുവശവും നൂറുകണക്കിനാളുകൾ രാഹുലിന് അഭിവാദ്യം അർപ്പിച്ച് കാത്തുനിന്നിരുന്നു.
രാഹുൽഗാന്ധിയുടെ ചിത്രത്തോടുകൂടിയ ബോർഡുകൾ, പോസ്റ്ററുകൾ, ത്രിവർണ പതാക എന്നിവ ഏന്തിയാണ് ആളുകൾ കാത്തുനിന്നത്. കൊച്ചകുട്ടികളും വയോധികരും അടക്കമുള്ളവർ അഭിവാദ്യം അർപ്പിച്ച് കാത്തുനിന്നു.
കാറിലിരുന്നു തന്നെ എല്ലാവരെയും അഭിവാദ്യം ചെയ്താണ് രാഹുൽ ഗാന്ധി നീങ്ങിയത്. യാത്രയ്ക്കിടയിൽ കൊച്ചുകുട്ടികൾ അടക്കം അഭിവാദ്യം അർപ്പിക്കാൻ കാത്തുനിന്ന ഭാഗങ്ങളിൽ വാഹനം നിർത്തിച്ചു.
അവരുടെ സ്നേഹാദരം ഏറ്റുവാങ്ങിയാണ് യാത്ര തുടർന്നത്. തെങ്ങുംകാവിനു സമീപം തന്റെ ചിത്രവുമായി കാത്തുനിന്ന കുട്ടികളുടെ അടുക്കൽ ഇറങ്ങി, ചിത്രം ഏറ്റുവാങ്ങി നന്ദിയും പറഞ്ഞു.
കോന്നി ടൗണിലെത്തിയപ്പോൾ പ്രവർത്തകരുടെ ആവേശം അണപൊട്ടി. ഇരുചക്രവാഹനങ്ങളടക്കം വാഹനങ്ങളുടെ വൻനിരയാണ് ടൗണിലേക്കു കടന്നുവന്നത്.
ഇതോടൊപ്പം ആളുകളും തിങ്ങിക്കൂടി. തുറന്ന വാഹനത്തിൽ സ്ഥാനാർഥി റോബിൻ പീറ്റർക്കൊപ്പം ആളുകളെ അഭിവാദ്യം ചെയ്തു.
തുടർന്ന് ഇതേ വാഹനത്തിൽ നിന്നു കൊണ്ട് പ്രസംഗം. സംസ്ഥാന സർക്കാർ നയങ്ങളെ കടന്നാക്രമിച്ച രാഹുൽഗാന്ധി തങ്ങൾ ആരെയും വ്യക്തിപരമായി തേജോവധം ചെയ്യാനും വിദ്വേഷം പരത്താനുമില്ലെന്നു വ്യക്തമാക്കി.
റാന്നിയിലേക്ക് ജനസഞ്ചയം
റാന്നി നിയോജകമണ്ഡലാതിർത്തി മുതലും റാന്നി ടൗണിലെ സ്വീകരണ വേദിയിലും ജനസഞ്ചയമായിരുന്നു. ഉതിമൂട്ടിൽ കാത്തുനിന്ന കോണ്ഗ്രസ് പ്രവർത്തകർ വാഹനത്തിനരികിലെത്തി പ്രിയ നേതാവിനെ കണ്ട് സ്നേഹാദരവുകൾ കൈമാറി.
പുഷ്പങ്ങളും മറ്റുമായി കാത്തുനിന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ അരികിൽ വാഹനംനിർത്തി രാഹുൽ സന്തോഷം പങ്കിട്ടു.
മന്ദിരംപടി, ബ്ലോക്ക് പടി തുടങ്ങിയ സ്ഥലങ്ങളിലും നിരവധിയാളുകളാണ് അഭിവാദ്യം അർപ്പിച്ച് കാത്തുനിന്നത്. റാന്നി പെരുന്പുഴയിൽ സ്ഥാനാർഥി റിങ്കു ചെറിയാന്റെ നേതൃത്വത്തിൽ വൻ സ്വീകരണം.
തുറന്ന വാഹനത്തിൽ റിങ്കുവിനൊപ്പം യാത്ര. സ്ഥാനാർഥിയെ അടുത്തുപരിചയപ്പെട്ട് ആശംസകൾ കൈമാറിയായിരുന്നു യാത്ര.
റാന്നി ടൗണിലേക്കുള്ള യാത്രയിൽ റോഡ് പണികൾ കാരണം പൊടിയും മറ്റും അലട്ടിയെങ്കിലും ഇതൊന്നും വകവയ്ക്കാതെ യാത്ര തുടർന്നു.
അപ്പോഴേക്കും രണ്ടു മണിയായതിനാൽ അല്പം കൂടി വേഗം കൂട്ടണമെന്ന് കെ.സി. വേണുഗോപാലിന്റെ നിർദേശം. വാഹനത്തിനിരുവശത്തേക്കും ഓടിക്കൂടിയവരെ അഭിവാദ്യം ചെയ്തു.
ബലൂണുമായെത്തിയ പ്രവർത്തകരിൽ നിന്ന് വാഹനത്തിൽ നിന്നുകൊണ്ടുതന്നെ അതു വാങ്ങി. റാന്നിയിലെ ആൾക്കൂട്ടം കണ്ടപ്പോൾ രാഹുലിനും ആവേശം.
സ്ഥാനാർഥിയെ പ്രത്യേകം അഭിനന്ദിച്ചു. ഇട്ടിയപ്പാറയിൽ പ്രത്യേകവേദിയുടെ മുന്പിലായി വാഹനം നിർത്തി പ്രസംഗിച്ചു.
അളന്നുകുറിച്ചുള്ള പ്രഭാഷണമായിരുന്നു റാന്നിയിലേത്. സ്ഥാനാർഥിയെ പ്രകീർത്തിക്കാനും മറന്നില്ല. രാഹുൽ ഗാന്ധി എത്തുന്പോൾ ഇട്ടിയപ്പാറയിൽ വൻജനാവലിയാണ് ഉണ്ടായിരുന്നത്.
വിസ്തൃതമായ റാന്നി നിയോജകമണ്ഡലത്തിലെ എല്ലാഭാഗങ്ങളിൽ നിന്നും മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തകരെത്തിയിരുന്നു.