തിരുവനന്തപുരം: ചവറ എംഎൽഎ എൻ.വിജയൻപിള്ളയുടെ മകൻ ശ്രീജിത്ത് വിജയൻപിള്ളയ്ക്കെതിരേ മാവേലിക്കര സ്വദേശി രാഹുൽ കൃഷ്ണ ഡിജിപിക്കു പരാതി നൽകും. പണം തട്ടിപ്പു കേസിൽ ശ്രീജിത്തിനെതിരേ നടപടി വേണമെന്ന് ഡിജിപിയോട് ആവശ്യപ്പെടുമെന്ന് രാഹുൽ കൃഷ്ണ പറഞ്ഞു.
ജാസ് ടൂറിസത്തിന്റെ പാർട്ണറായ രാഹുൽ കൃഷ്ണയിൽനിന്ന് 2013 മുതൽ നാലു തവണയായി ശ്രീജിത്ത് 10 കോടി രൂപ വാങ്ങിയെന്നും വണ്ടിച്ചെക്ക് നൽകി പറ്റിച്ചെന്നുമാണ് കേസ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ്ക്കെതിരെ ഉയർന്ന സാന്പത്തിക തട്ടിപ്പിനോടൊപ്പമാണ് എംഎൽഎ വിജയൻ പിളളയുടെ മകനെതിരെയും പരാതി വന്നത്.
രാഹുൽ കൃഷ്ണയിൽ നിന്ന് താൻ പണം വാങ്ങിയിട്ടില്ലെന്നും രാഷ്ട്രീയ നേതാവിന്റെ മകനായതിനാൽ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നുവെന്നുമാണ് ശ്രീജിത്ത് പരാതിയോട് നേരത്തേ പ്രതികരിച്ചിരുന്നത്. എന്നാൽ 11 കോടിയുടെ തട്ടിപ്പു നടത്തിയ കേസിൽ രണ്ടു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചതിനു പിന്നാലെയാണ് ശ്രീജിത്ത് ദുബായിൽ നിന്നു മുങ്ങിയതെന്ന് പിന്നീട് വെളിപ്പെട്ടു.