വയനാട്: വയനാട് പാർലമെന്റ് മണ്ഡലത്തിൽ ജനവിധി തേടുന്നതിനു നാമനിർദേശ പത്രിക സമർപ്പിച്ച എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു 15.8 കോടി രൂപയുടെ ജംഗമസ്വത്ത്. നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരം.
1,32,48,284 രൂപയാണ് അദ്ദേഹത്തിന്റെ പൈതൃക സ്വത്തിന്റെ മൂല്യം. 7,93,03,977 രൂപയുടെ സ്വയാർജിത സ്ഥാവര സ്വത്തുക്കളുണ്ട്. 8,75,70,000 രൂപയാണ് സ്വയാർജിത ആസ്തി മൂല്യം. 40,000 രൂപയാണ് രാഹുലിന്റെ കൈവശമുള്ളത്. വിവിധ ബാങ്കുകളിലായി 17,93,693 രൂപ നിക്ഷേപമുണ്ട്. 72,01,904 രൂപയാണ് കടം.
അഞ്ചു കേസുകൾ രാഹുലിനെതിരെയുണ്ട്. ഇതിൽ നാലെണ്ണം ആർഎസ്എസ്-ബിജെപി നേതാക്കൾക്കെതിരായ പരാമർശങ്ങളുടെ പേരിലുള്ള മാനനഷ്ടക്കേസുകളാണ്. സുബ്രഹ്മണ്യൻ സ്വാമി നൽകിയ നാഷണൽ ഹെറാൾഡ് കേസാണ് മറ്റൊന്ന്.
കേംബ്രിഡ്ജ് സർവകലാശാല ബിരുദവും ട്രിനിറ്റി കോളജിൽനിന്നു ഡവലപ്മെന്റ് സ്റ്റഡീസിൽ എം ഫില്ലും ആണ് വിദ്യാഭ്യാസ യോഗ്യത.