തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ജാമ്യം ലഭിക്കാനായി താൻ സമർപ്പിച്ച മെഡിക്കൽ രേഖ വ്യാജമെന്ന ആരോപണം തെളിയിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ താൻ വെല്ലുവിളിക്കുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
രേഖ വ്യാജമെന്ന് തെളിയിച്ചാൽ മാപ്പ് പറയാം. അല്ലെങ്കിൽ എം.വി. ഗോവിന്ദൻ മാപ്പ് പറയുമോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. ആരോപണം തെളിയിക്കാന്‍ ആവശ്യപ്പെട്ട് എം.വി. ഗോവിന്ദന് വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ പരിശോധനയ്ക്കിടെ ആര്‍എംഒയുടെ സാന്നിധ്യമുണ്ടായിരുന്നു. കോടതി വിശദമായ പരിശോധന നിര്‍ദ്ദേശിച്ചിട്ടും തന്റെ ബിപി മാത്രമാണ് നോക്കിയത്.
രക്തസമ്മര്‍ദം 160 ഉണ്ടായിട്ടും മെഡിക്കൽ റിപ്പോര്‍ട്ടിൽ ഫിറ്റ് എന്നാണ് രേഖപ്പെടുത്തിയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.തന്നെ അറസ്റ്റ് ചെയ്ത രീതി ജനാധിപത്യ വിരുദ്ധമാണെന്നും സമരത്തിനിടെ ജയിൽ സ്വാഭാവികമാണെന്നും രാഹുൽ പറഞ്ഞു.
കൊടും കുറ്റവാളിയെ പോലെയാണ് പൊലീസ് വീട്ടിൽ വന്ന് തന്നെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്ന സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.