തിരുവനന്തപുരം: പൊലീസിന്റെ ഡ്യൂട്ടി സംബന്ധമായ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ തനിക്കെതിരേ മോർഫ് ചെയ്ത ചിത്രത്തൊടൊപ്പം അവഹേളനപരമായ പോസ്റ്റിട്ടതിൽ പരാതിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.
സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. പോലീസുകാർക്കുള്ള പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് പരാതിയിൽ പറയുന്നു. സിപിഒ ആയ കിരൺ എസ്. ദേവ് എന്ന പോലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് താൻ പരാതി നൽകിയിരിക്കുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രദീപികയോടു പറഞ്ഞു.
തിരുവനന്തപുരം കൺട്രോൾ റൂമിലെ പോലീസുകാരുടെ ഡ്യൂട്ടിയിടുന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മന്ത്രി ഗണേഷ് കുമാർ രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് നടത്തുന്ന പ്രസംഗമാണ് മോർഫ് ചെയ്ത ചിത്രത്തോടൊപ്പം പോലീസിന്റെ ഔദ്യോഗിക വാട്സാപ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടത്.
പോലീസ് ഉദ്യോഗസ്ഥർ ഒരു തരത്തിലുമുള്ള രാഷ്ട്രീയ അനുഭാവവും കാട്ടാൻ പാടില്ലെന്ന സർവീസ് ചട്ടങ്ങളുടെ ലംഘനമാണിതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചൂണ്ടിക്കാട്ടുന്നു.