പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായതു രാഷ്ട്രീയവിജയമാണെന്നും വികസനകാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാടിന്റെ പുരോഗതിക്കായുള്ള പ്രവര്‍ത്തനത്തിനാണു മുന്‍തൂക്കം നല്‍കുക.
2040ലെ ലോകഭൂപടത്തില്‍ പാലക്കാടിന്റെ സ്ഥാനം എങ്ങനെയാവണമെന്ന ലക്ഷ്യമാണു തന്റെ മുന്നിലുള്ളതെന്നും രാഹുല്‍ പറഞ്ഞു.
രാഷ്ട്രീയകേരളം എങ്ങനെ മാറണമെന്നതിനെക്കുറിച്ചുള്ള ജനാഭിലാഷംകൂടിയായിരുന്നു തെരഞ്ഞെടുപ്പിലുണ്ടായ വിജയം. ഓരോ കേന്ദ്രത്തിലുമുണ്ടായ വോട്ടുവര്‍ധന ഇതാണ് സൂചിപ്പിക്കുന്നത്.
മതേതരമായി ചിന്തിക്കുന്നവരുടെ വിജയംകൂടിയാണ് ഈ നേട്ടം. വര്‍ഗീയതയ്ക്കു ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന വ്യത്യാസമില്ല. മതേതരചിന്താഗതിക്കാരാണു ഭൂരിപക്ഷം വരുന്ന വോട്ടര്‍മാര്‍. ഇവര്‍ നേടിത്തന്ന വോട്ടാണ് ഇത്രയും വലിയ ഭൂരിപക്ഷത്തിലെത്തിച്ചത്.
ഒന്നരവര്‍ഷംകൊണ്ട് ചെയ്യാനുള്ള പ്രവൃത്തികളെല്ലാം ചെയ്തുതീര്‍ക്കും. പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, മോയന്‍സ് എച്ച്എസ്എസ്, പാലക്കാട് മെഡിക്കല്‍ കോളജ് തുടങ്ങിയ വിഷയങ്ങളിലെല്ലാം ബന്ധപ്പെട്ടുപ്രവര്ത്തിക്കും.
വര്‍ഗീയശക്തികളുടെ വോട്ടുകൊണ്ടല്ല തെരഞ്ഞെടുപ്പിലുണ്ടായ വിജയം. യുഡിഎഫിന് അനുകൂലമായി എല്ലാ വിഭാഗം ജനങ്ങളും വോട്ടുചെയ്തിട്ടുണ്ട്. ആരുടെയും വോട്ട് വേണ്ടെന്നു പറഞ്ഞിട്ടുമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.