തിരുവനന്തപുരം:യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജരേഖ കേസിൽ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിനെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യും.
കഴിഞ്ഞ ശനിയാഴ്ച രാഹുലിനെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. അറസ്റ്റിലായ പ്രതികളും രാഹുലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഒളിവിൽ കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ രാഹുലിനോട് ചോദിച്ചിരുന്നു.
വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും അത്തരത്തിലുള്ള വോട്ടുകൾ തനിക്ക് ലഭിച്ചിട്ടില്ലെന്നുമാണ് രാഹുൽ അന്വേഷണസംഘത്തോട് വ്യക്തമാക്കിയത്. എന്നാൽ രാഹുലിന്റെ മൊഴികളിലും പോലീസിന് ലഭിച്ച ശാസ്ത്രീയ തെളിവുകളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതിനാലാണ് രാഹുലിനെ വീണ്ടും ചോദ്യംചെയ്യുന്നതിലേക്ക് അന്വേഷണ സംഘം നീങ്ങാൻ കാരണം.
വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചതുമായി ബന്ധപ്പെട്ട് രാഹുലിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചാൽ രാഹുലിനെ കൂടിപ്രതിയാക്കി അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്ഗ്രസ് നേതാക്കളായ ഫെനിനൈനാൻ. ബിനിൽ ബിനു എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. ഇവർസഞ്ചരിച്ചിരുന്നത് രാഹുലിന്റെ ഉടമസ്ഥതയിലുള്ള കാറിലായിരുന്നു.
പോലീസ് കൈകാണിച്ചിട്ട് നിർത്താതെ പോയ വാഹനം പിന്തുടർന്നാണ് ഇരുവരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ നാല് പേരും രാഹുലിന്റെ അടുത്ത അനുയായികളാണെന്ന് ഇവർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു.
പോലീസ് പിടിച്ചെടുത്ത ലാപ്ടോപ്പിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും വ്യാജ തിരിച്ചറിയൽ കാർഡിന്റെ ഫോട്ടോകളും ഡിജിറ്റൽ തെളിവുകളും കണ്ടെത്തിയെന്നാണ്അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.
യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചുവെന്ന് കാട്ടിഅന്വേഷണ സംഘം തെരഞ്ഞെടുപ്പ് കമ്മീഷനും കഴിഞ്ഞ ദിവസം റിപ്പോർട്ട്സമർപ്പിച്ചിരുന്നു.