ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും നേർക്കുനേർ പോര് തുടങ്ങി. എൻഡിഎ- യുപിഎ മുന്നണികൾക്ക് ഒരുപോലെ ഭീഷണിയും വെല്ലുവിളിയും താങ്ങും തണലുമായി പ്രാദേശിക പാർട്ടികളും കുറുമുന്നണികളും പ്രബല നേതാക്കളും കച്ചമുറുക്കിയിട്ടുണ്ട്.
റഫാലും നോട്ട് നിരോധനവും ജിഎസ്ടിയും കാർഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വിലക്കയറ്റവും വാഗ്ദാന ലംഘനങ്ങളും മറ്റും പതിവുപോലെ കളം ചൂടാക്കുന്നതിനിടയിലാണ് ജമ്മു കാഷ്മീരിലെ പുൽവാമയിൽ പാക് ഭീകരാക്രമണം.
പാക്കിസ്ഥാനും ജയ്ഷ് ഇ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകൾക്കുമെതിരേ എപ്പോൾ, എങ്ങനെ, ഏതുതരം മറുപടിയാകും കേന്ദ്രസർക്കാരും സൈന്യവും നൽകുക എന്നതിനു രാഷ്ട്രീയത്തിലും വലിയ പ്രാധാന്യമുണ്ട്. തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുമെന്നതിനാൽ കടന്ന പ്രതികരണത്തിനു സർക്കാർ മുതിരുമോയെന്നതിനു വൈകാതെ ഉത്തരം ലഭിച്ചേക്കും.
പ്രവചനങ്ങളിൽ കാര്യമെത്ര?
എങ്കിലും കൃത്യമായി പ്രവചിക്കാനാകില്ല എന്നതാകും ഇന്ത്യൻ തെരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത. പ്രവചനാതീതം എന്നതാകും പ്രവചിക്കാവുന്ന ഒരു കാര്യം. ഏറ്റവുമൊടുവിൽ പ്രവചനങ്ങളെ കാറ്റിൽ പറത്തി ഛത്തീസ്ഗഡിൽ കോണ്‍ഗ്രസ് ഒറ്റയ്ക്കു മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടി.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ഥിരം തട്ടകമായിരുന്ന ഗോരഖ്പുരിലെ ബിജെപിയുടെ വലിയ തോൽവി അദ്ദേഹം സ്വപ്നം പോലും കണ്ടിരിക്കില്ല. ഫൂൽപുർ, കൈരാന ഉപതെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ തോൽവിയും വ്യത്യസ്തമായില്ല. പശ്ചിമ ബംഗാളിനു പിന്നാലെ രണ്ടര ദശകമായി ചുവപ്പുകോട്ടയായിരുന്ന ത്രിപുരയിൽ സിപിഎമ്മിനെ ബിജെപി തകർത്തെറിഞ്ഞതും വോട്ടർമാരുടെ മനസുമാറ്റത്തിന്റെ മകുടോദാഹരണമാണ്.
സർവേഫല സൂചനകൾ
തൂക്കു പാർലമെന്റിനുള്ള സാധ്യതകളാണു മിക്ക തെരഞ്ഞെടുപ്പു സർവേകളും പ്രവചിച്ചത്. ബിജെപിക്കും എൻഡിഎയ്ക്കും തനിയെ ഭൂരിപക്ഷം കിട്ടുമെന്ന് ആരുംതന്നെ പ്രവചിച്ചിട്ടില്ല. യുപിഎയും കോണ്‍ഗ്രസും കാര്യമായ മുന്നേറ്റം നടത്തുമെങ്കിലും കേവല ഭൂരിപക്ഷം ഉണ്ടാകില്ലെന്നാണ് ഇതുവരെയുള്ള സൂചന. ഇനിയും വ്യക്തത കൈവരാത്ത മൂന്നാം മുന്നണിയും പ്രമുഖ പ്രാദേശിക പാർട്ടികളും അവരുടെ ചെറു സഖ്യങ്ങളും ദുർബലമായ ഇടതുമുന്നണിയുമെല്ലാം സർക്കാർ രൂപീകരണത്തിൽ നിർണായകമായേക്കും.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 282 സീറ്റുകളോടെ ബിജെപിക്കു കേവല ഭൂരിപക്ഷം ഉൾപ്പെടെ മൊത്തം 336 സീറ്റുകളാണു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ നേടിയത്. എന്നാൽ, നൂറു മുതൽ 150 സീറ്റുകളെങ്കിലും ഇത്തവണ ബിജെപിക്കു കുറയുമെന്നാണ് ഇതുവരെയുള്ള സർവേകളുടെ സൂചന. കോണ്‍ഗ്രസിനു നൂറിലേറെ എംപിമാരെ കൂടുതൽ കിട്ടുമെന്നും പറയുന്നു.
സഖ്യവും സഖ്യമില്ലായ്മയും
ലോക്സഭാ തെരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ഇനിയും കൃത്യത ആയിട്ടില്ല.
പഴയ എൻഡിഎ ക്ഷയിച്ചെങ്കിലും ബിജെപിയോടൊപ്പം മഹാരാഷ്ട്രയിൽ ശിവസേനയും ബിഹാറിൽ നിതീഷ് കുമാറിന്റെ ജെഡിയുവും കൂടെയുണ്ടെന്നതാണു മോദിക്കും അമിത് ഷായ്ക്കും ആശ്വാസം. പഞ്ചാബിൽ അകാലിദൾ കൂടെയുണ്ടെങ്കിലും നിലവിലുള്ള സീറ്റു നിലനിർത്താമെന്ന പ്രതീക്ഷ പോലുമില്ല.
യുപിഎയിലും എൻസിപി, ഡിഎംകെ, ആർജെഡി, ജെഎഎം, നാഷണൽ കോണ്‍ഫറൻസ് തുടങ്ങിയ പാർട്ടികളും കേരളത്തിലെ യുഡിഎഫ് ഘടകകക്ഷികളുംതന്നെ മുഖ്യം. വ്യക്തമായി ഒരു മുന്നണിയിലും ചേരാത്ത തൃണമൂൽ കോണ്‍ഗ്രസ്, ബിജെഡി, ടിഡിപി, എസ്പി, ബിഎസ്പി, വൈഎസ്ആർ കോണ്‍ഗ്രസ്, ടിആർഎസ്, അണ്ണാ ഡിഎംകെ, ആം ആദ്മി പാർട്ടി, സിപിഎം, സിപിഐ തുടങ്ങിയ പാർട്ടികളിൽ ചിലരെ കൂട്ടി ഭരിക്കാമെന്നു മോദിയും രാഹുലും ഒരു പോലെ കണക്കുകൂട്ടുന്നു.
തൂക്കുസഭയെങ്കിൽ ബിജെപി- കോണ്‍ഗ്രസ് ഇതര മന്ത്രിസഭയുണ്ടാക്കി പ്രധാനമന്ത്രിയാകാനാണ് പ്രബലരായ പല നേതാക്കളുടെയും സ്വപ്നം. തക്കം പാർത്തിരുന്ന് എങ്ങോട്ടു ചായാനും ടിആർഎസ്, ബിജെഡി, എസ്പി, ബിഎസ്പി തുടങ്ങിയ പാർട്ടികൾ തയാറാകുമെന്നും കരുതുന്നു. ബിജെപി വിരുദ്ധ പക്ഷത്തിനു കരുത്തുപകരുന്ന പല പ്രതിപക്ഷ പാർട്ടികളും കോണ്‍ഗ്രസിനെ തുണയ്ക്കുമോ എന്നതിനും ഉറപ്പില്ല.
വിധിയെഴുത്ത് 543 സീറ്റുകളിൽ
ലോക്സഭയിലെ 543 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുക. 545 അംഗ ലോക്സഭയിൽ ശേഷിച്ച രണ്ടു സീറ്റിലേക്ക് പിന്നീട് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ പുതിയ സർക്കാർ നാമനിർദേശംചെയ്യും.
രാജ്യത്തെ 29 സംസ്ഥാനങ്ങളിലും ഏഴു കേന്ദ്രഭരണ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പു നടക്കും.