കൊടുംഭീകരന്റെ മോചനത്തിന് കാരണം മോദിയുടെ കെട്ടിപ്പിടുത്ത നയതന്ത്രത്തിലുണ്ടായ പരാജയം! നരേന്ദ്രമോദിയ്‌ക്കെതിരെ പുതിയ ട്രോളുമായി രാഹുല്‍ഗാന്ധി; ഏറ്റെടുത്ത് സോഷ്യല്‍മീഡിയയും

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് അടുത്തതോടെ പരസ്പരം കടുത്ത മത്സരത്തിലാണ് കോണ്‍ഗ്രസ്സും ബിജെപിയും. മാത്രവുമല്ല, കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെടുന്നതിന്റെ ഭാഗമായിട്ടെന്നവണ്ണം അടുത്തകാലത്തായി രാഹുല്‍ അതിശക്തമായ ഭാഷയില്‍ മോദിയെ ആക്രമിക്കുന്നുമുണ്ട്. അതില്‍ ഏറ്റവും പുതിയതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലഷ്‌ക്കര്‍ ഈ തയ്ബ തലവന്‍ ഹഫീസ് സയീദിനെപ്പോലെയുള്ള കൊടും ഭീകരന്റെ മോചനത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കെട്ടിപ്പിടുത്ത നയതന്ത്രത്തിന്റെ പരാജയമാണെന്നാണ് രാഹുല്‍ഗാന്ധിയുടെ പരിഹാസം. ഒരു ട്വീറ്റിലൂടെയാണ് രാഹുല്‍ മോദിയെ പരിഹസിച്ചത്.

കൂടുതല്‍ കെട്ടിപ്പിടുത്ത നയതന്ത്രം ഇപ്പോള്‍ അനിവാര്യമായിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. 26/11 ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ ഹഫീസ് സയീദിനെ പാക് സര്‍ക്കാര്‍ മോചിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഒക്ടോബറിലും പ്രധാനമന്ത്രിയുടെ കെട്ടിപ്പിടുത്ത നയതന്ത്രത്തെ രാഹുല്‍ പരിഹസിച്ചിരുന്നു. ജനുവരി മുതല്‍ 297 ദിവസമായി 60 കാരനായ സയീദ് വീട്ട് അറസ്റ്റിലായിരുന്നു. എന്നാല്‍ 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ ഒമ്പതാം വാര്‍ഷികത്തിന് തൊട്ടു മുമ്പാണ് മോചിപ്പിച്ചിരിക്കുന്നത്. ഏതായാലും കെട്ടിപ്പിടുത്ത നയതന്ത്രം (‘Hug’plomacy) എന്ന രാഹുലിന്റെ വാക്ക് ജനങ്ങള്‍ ഏറ്റെടുത്തിയിരിക്കുകയാണിപ്പോള്‍.

 

Related posts