നീമച്/ഉജ്ജയിൻ/ഖാണ്ഡവ (മധ്യപ്രദേശ്): ബാലാക്കോട്ട് വ്യോമാക്രമണം നടത്താൻ പാക്കിസ്ഥാന്റെ റഡാറുകളിൽനിന്ന് ഇന്ത്യൻ യുദ്ധവിമാനങ്ങളെ മേഘങ്ങൾ മറയ് ക്കുമെന്നു താൻ ഉപദേ ശിച്ചെന്ന മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
നീമചിൽ നടന്ന തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു രാഹുൽ. ഇന്ത്യയിൽ മഴ പെയ്യുന്പോൾ എല്ലാ വിമാനങ്ങളും റഡാർ കണ്ണുകളിൽനിന്നു മറയുമെന്നാണോ മോദി ജീ, താങ്കൾ പറയുന്നത്. തനിക്കു കുട്ടിക്കാലത്തു മാന്പഴങ്ങൾ ഇഷ്ടമാണെന്ന് അക്ഷയ്കുമാറുമായുള്ള ഇന്റർവ്യൂവിൽ മോദി വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴും മാന്പഴങ്ങൾ ഇഷ്ടമാണത്രേ. മോദിജീ, നിങ്ങൾ മാന്പഴം എങ്ങനെ കഴിക്കണം എന്നു പറഞ്ഞുതന്നു. ഇനി പറയൂ, രാജ്യത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാർക്കായി എന്തു ചെയ്തുവെന്ന്? ജിഎസ്ടിയും നോട്ട് നിരോധനവും വഴി ലക്ഷക്കണക്കിനുപേർക്കു തൊഴിൽ നഷ്ടമായി. തലതിരിഞ്ഞ പരിഷ്കാരങ്ങൾ ഇന്ത്യയുടെ സന്പദ്വ്യവസ്ഥയെ പിന്നോട്ടടിച്ചു.
കോൺഗ്രസിന്റെ ന്യായ് പദ്ധതിയിലൂടെ സന്പദ്വ്യവസ്ഥ വളർച്ച നേടുമെന്നും രാഹുൽ അവകാശപ്പെട്ടു. തന്റെ കുടുംബാംഗങ്ങളെ നിരന്തരം അപമാനിക്കുന്ന മോദി, രോഗാതുരരായ സ്വന്തം കുടുംബാംഗങ്ങളെക്കുറിച്ചു മൗനം പാലിക്കുകയാണെന്നും മോദിയെ കോൺഗ്രസ് സ്നേഹംകൊണ്ടു കീഴടക്കുമെന്നും ഇനിയും കെട്ടിപ്പിടിക്കുമെന്നും രാഹുൽ പറഞ്ഞു.
റഫാൽ ഇടപാടിൽ ചൗക്കിദാർ അഴിമതി നടത്തിയതിനാൽ അഴിമതിയെക്കുറിച്ച് ഇപ്പോൾ അദ്ദേഹം ഒരിടത്തും പ്രസംഗിക്കുന്നില്ലെന്നും റഫാലിനെക്കുറിച്ചുള്ള തുറന്ന ചർച്ചയ്ക്കുള്ള തന്റെ വെല്ലുവിളിക്കു മോദി പ്രതികരിച്ചിട്ടില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.