കോട്ടയം: ജില്ലയിലെ യുഡിഎഫിന്റെ പ്രചാരണത്തിനു താരപരിവേഷം നൽകാൻ രാഹുൽഗാന്ധി എത്തുന്നു.23ന് രാഹുൽ ഗാന്ധി നയിക്കുന്ന റോഡ് ഷോ ഉൾപ്പെടെ നടത്തി പ്രചാരണം കൊഴുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. കോട്ടയത്തും പാലായിലും പൂഞ്ഞാറിലും രാഹുൽഗാന്ധി എത്തുമെന്നാണ് സൂചന.
പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിൽ പ്രിയങ്ക ഗാന്ധിയും എത്തുന്നുണ്ട്.കോണ്ഗ്രസ് പ്രവർത്തകസമതിയംഗം എ.കെ. ആന്റണി കോട്ടയത്തും പുതുപ്പള്ളിയിലും ചങ്ങനാശേരിയിലും വൈക്കത്തും പ്രചാരണത്തിനെത്തും.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ജില്ലിയിലെ എല്ലാ മണ്ഡലത്തിലും പര്യടനത്തിനെത്തുന്നുണ്ട്. എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, ജി. ദേവരാജൻ, സി.പി. ജോണ് പി.ജെ. ജോസഫ് എന്നിവരും പ്രചാരണത്തിനായി എത്തുന്നുണ്ട്.
കണ്ണന്താനത്തിനുവേണ്ടി പ്രധാനമന്ത്രി എത്തുമോ ?
ബിജെപിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്നാണ് സൂചന. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. കാഞ്ഞിരപ്പള്ളിയിൽ എത്താമെന്ന് സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനത്തിനെ പ്രധാനമന്ത്രി അറിയിച്ചതായി കണ്ണന്താനം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടി ചാർട്ട് തയാറാകുന്നതേയുള്ളു. അ അഖിലേന്ത്യ പ്രസിഡന്റ് ജെ.പി. നണ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്മൃതി ഇറാനി, നിർമല സീതാരാമൻ, ത്രിപുര മുഖ്യമന്ത്രി വിപ്ലവകുമാർ തുടങ്ങിയവരും ജില്ലയിലെത്തുന്നുണ്ട്.
ക്യാപ്റ്റനും ടീച്ചറമ്മയും സീതാറാം യെച്ചൂരിയും
തുടർഭരണം ഉറപ്പാക്കുന്ന എൽഡിഎഫിന്റെ പ്രചാരണ പരിപാടികൾക്ക് ജില്ലയിൽ ചുക്കാൻ പിടിക്കുന്നത് ക്യാപ്റ്റൻ മുഖ്യമന്ത്രി പിണറായി വിജയനാണ്. 22ന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രി അഞ്ചിടങ്ങളിൽ പ്രസംഗിക്കും.
രാവിലെ 10ന് പാലാ, 11ന് വൈക്കം, വൈകുന്നേരം നാലിന് പാന്പാടി, അഞ്ചിന് ഏറ്റുമാനൂർ, ആറിനു കോട്ടയം എന്നിവിടങ്ങളിലാണു പൊതുയോഗങ്ങൾ. ആരോഗ്യമന്ത്രി കെ.കെ. ഷൈലജ 23ന് രാവിലെ 10ന് പാലായിൽ എലിക്കുളത്തും, 11ന് മെഡിക്കൽ കോളജ്, ഉച്ചകഴിഞ്ഞു മൂന്നിനു കടുത്തുരുത്തി, നാലിനു കാഞ്ഞിരപ്പള്ളി, അഞ്ചിനു മുണ്ടക്കയം, ആറിന് എരുമേലി എന്നിവിടങ്ങളിൽ പ്രസംഗിക്കും.
പാർട്ടി അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി 29ന് കോട്ടയം, ഏറ്റുമാനൂർ, കടുത്തുരുത്തി എന്നിവിടങ്ങളിൽ പ്രസംഗിക്കും. പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, എം.എ. ബേബി, എസ്. രാമചന്ദ്രൻപിള്ള, വൃന്ദ്ര കാരാട്ട് എന്നിവരും പ്രചാരണത്തിനെത്തുന്നുണ്ട്.
സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരും വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തും. ആനി രാജ, ബിനോയി വിശ്വം, പന്ന്യൻ രവീന്ദ്രൻ എന്നിവരും എൽഡിഎഫ് യോഗങ്ങളിലെത്തുന്നുണ്ട്.