കണ്ണൂർ: കേരളത്തിൽ വരുന്പോൾ കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒരേ ശബ്ദമാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിദ്യാഭ്യാസ ആരോഗ്യ കാര്യത്തിൽ വലിയ പുരോഗതിയാണ് കേരളം നേടിയിരിക്കുന്നത്.
എന്നാൽ അതിനെതിരേ മോശമായ പരാമർശമാണ് രാഹുൽഗാന്ധി നടത്തിയത്. രാഹുൽ ഗാന്ധിക്ക് വലിയ മാറ്റം വന്നിട്ടുണ്ടെന്നാണ് ചിലർ പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ സംസാരത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നാണ് ജനങ്ങൾക്ക് മനസിലായിട്ടുള്ളത്.
കേരളത്തിന്റെ കാര്യങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കുന്ന കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെ വലിയ ആപത്തിലേക്കാണ് ചെന്നുചാടിക്കുന്നത്. വനിതാ സംവരണ ബില്ലിനേയും ജിഎസ്ടിയേയും നോട്ട് നിരോധനത്തിനെയും അനുകൂലിച്ച കോൺഗ്രസ് അധികാരത്തിൽ വന്നാൽ അതൊക്കെ മാറ്റുമെന്ന് പറയുന്നത് ഗിമിക്കുകളാണ്.
അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്രവിജയം നേടും. 2004 ആവർത്തിക്കും. അത് കോൺഗ്രസ് മനസിലാക്കണം. എൽഡിഎഫ് അംഗസംഖ്യ വർധിച്ചാലേ മോദിയെ അധികാരത്തിൽനിന്ന് പുറത്താക്കാനാക്കൂവെന്നും കോടിയേരി പറഞ്ഞു.
സിപിഎം ഓഫീസിൽ ചൈത്ര തെരേസ ജോൺ റെയ്ഡ് നടത്തിയത് ദുരുദ്യേശപരമാണ്. ഒരു പ്രതിയെ പോലും പിടിക്കാനായില്ല. പബ്ലിസിറ്റിക്കുവേണ്ടിയാണ് അവർ ഇങ്ങനെ ചെയ്തതെന്നും ഈ കേസിന്റെ ചുമതല അവർക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.