വയനാട്: അഞ്ചു വർഷത്തിനിടെ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആസ്തിയിൽ 6.4 കോടി രൂപയുടെ വർധനവ്. വയനാട്ടിൽ നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് വ്യക്തമാകുന്നത്.
2014-ൽ സമർപ്പിച്ച അമേഠിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 9.4 കോടി രൂപയായിരുന്നു രാഹുലിന്റെ ആസ്തി. വ്യാഴാഴ്ച വയനാട്ടിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇത് 15.8 കോടി രൂപയായി ഉയർന്നു. 2017-18 സാന്പത്തിക വർഷത്തിൽ 1.1 കോടി രൂപയാണ് രാഹുലിന്റെ വരുമാനം. ശന്പളം, റോയൽറ്റി, വാടക, നിക്ഷേപങ്ങൾ എന്നിവയാണ് വരുമാന മാർഗങ്ങൾ.
1.3 കോടി രൂപയാണ് അദ്ദേഹത്തിന്റെ പൈതൃക സ്വത്തിന്റെ മൂല്യം. 7.9 കോടി രൂപയുടെ സ്വയാർജിത സ്ഥാവര സ്വത്തുക്കളുണ്ട്. 8.7 കോടി രൂപയാണ് സ്വയാർജിത ആസ്തി മൂല്യം. 40,000 രൂപയാണ് രാഹുലിന്റെ കൈവശമുള്ളത്. വിവിധ ബാങ്കുകളിലായി 17 ലക്ഷം രൂപ നിക്ഷേപമുണ്ട്. 72 ലക്ഷം രൂപയാണ് രാഹുലിന്റെ കടം.
അഞ്ചു കേസുകൾ രാഹുലിനെതിരെയുണ്ട്. ഇതിൽ നാലെണ്ണം ആർഎസ്എസ്-ബിജെപി നേതാക്കൾക്കെതിരായ പരാമർശങ്ങളുടെ പേരിലുള്ള മാനനഷ്ടക്കേസുകളാണ്. സുബ്രഹ്മണ്യൻ സ്വാമി നൽകിയ നാഷണൽ ഹെറാൾഡ് കേസാണ് മറ്റൊന്ന്. കേംബ്രിഡ്ജ് സർവകലാശാല ബിരുദവും ട്രിനിറ്റി കോളജിൽനിന്നു ഡവലപ്മെന്റ് സ്റ്റഡീസിൽ എം ഫില്ലും ആണ് വിദ്യാഭ്യാസ യോഗ്യത.