സുൽത്താൻ ബത്തേരി: വയനാട് ജില്ല അനുഭവിക്കുന്ന രാത്രി യാത്ര നിരോധനത്തിന്റെ ബുന്ധിമുട്ടുകൾ താൻ മനസിലാക്കിയിട്ടുണ്ടെന്നും അതിനുള്ള പരിഹാരം കാണാൻ ജനങ്ങൾക്കൊപ്പം താനും ഉണ്ടാകുമെന്ന് കോണ്ഗ്രസ് അധ്യക്ഷനും വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധി. ബത്തേരിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസും ബിജെപിയും ഒരു ആശയത്തെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ചരിത്രമാണ് പ്രധാനം. ഉത്തരേന്ത്യയിലെ ജനങ്ങളുടെ ചിന്തകൾ മാത്രമല്ല ദക്ഷിണേന്ത്യയും ഭാരതത്തിന്റെ ഭാഗമാണ്. മറ്റ് ദേശങ്ങൾക്കുള്ള പ്രാധാന്യം ഇവിടെയുമുണ്ട്. ഇവിടുത്തെ ഭാഷകൾ മറ്റ് ഭാഷകൾക്ക് പിന്നിലല്ല. വ്യത്യസ്ത ആശയങ്ങളും സമുദായങ്ങളും ഇവിടെ ഒന്നായി ജീവിക്കുകയാണ്.
സമാധാനത്തിനും സഹവർത്തിത്തത്തിനും ഉദാഹരണമാണ് കേരളം. ഏറെയുണ്ട് ഇവിടെനിന്നും പഠിക്കാൻ. നിങ്ങൾക്ക് മറ്റുള്ളവരെ ആദരിക്കാനും ബഹുമാനിക്കാനും അറിയാം. രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അല്ല ഞാൻ നിങ്ങൾക്ക് മുന്നിൽ എത്തിയത്.
മകൻ, സഹോദരൻ, പ്രിയപ്പെട്ടവൻ എന്ന നിലയിലാണ് നിങ്ങളിലേക്ക് എത്തിയത്. നിങ്ങളുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും മനസിലാക്കുവാൻ എനിക്ക് ആഗ്രഹമുണ്ട്. അതിനായി നിങ്ങൾക്കിടിയിലേക്ക് വരാൻ ഞാൻ ആഗ്രഹിക്കുകയാണ്. കുറവുകൾ പരിഹരിച്ച് മുഖ്യധാരയിലേക്ക് നിങ്ങളെ എത്തിക്കുന്നതിന് ആഗ്രഹമുണ്ട്. വയനാടിനൊപ്പം ജീവിതകാലം മുഴുവൻ ഞാൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.