സ്വന്തം ലേഖകന്‍
കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ രഹുല്‍ഗാന്ധിയും പ്രിയങ്കയും കേരളത്തില്‍ എത്തും. ഒരിക്കല്‍കൂടി ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ ശക്തമായ പ്രചരണം അഴിച്ചുവിട്ട് ന്യൂന പക്ഷ ആശങ്ക വോട്ടാക്കി കേരളത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം.
നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ക്രൗഡ് പുള്ളറില്ലെന്നും കെ.സുധാകരന് കെപിസിസി പ്രസിഡന്റാകുന്നതോടെ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകുമെന്നും രാഹുല്‍ വിശ്വസിക്കുന്നു.
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചുനയിച്ചാല് മാത്രം വിജയകിരീടമണിയാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.
മോഡിവിരുദ്ധവികാരത്തിലൂടെ ന്യുനപക്ഷവോട്ടുകള്‍ കീശയിലാക്കാന്കഴിയുമെന്ന് ലോക്സഭാതെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ട കേന്ദ്രനേതാക്കള്‍ പറയുന്നു. സിപിഎമ്മിനെ വിമര്‍ശിക്കാന്‍ സംസ്ഥാന നേതാക്കളും കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് എന്ന രീതിയില്‍ ബിജെപിക്കെതിരേ പ്രചാരണം നയിക്കാന്‍ കേന്ദ്രനേതാക്കളും ക്യാന്പ്് ചെയ്യും.
നിലവില്‍ വയനാടിന്റെ എം.പി കൂടിയ രാഹുല്‍ ഗാന്ധി ഒരിക്കല്‍ കൂടി കേരളത്തില്‍ എത്തുന്നത് വിജയകിരീടമണിയാന്‍ വേണ്ടിമാത്രമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൈമോശം വന്ന ന്യൂന പക്ഷ വോട്ടുകള്‍ ഒരു പരിധിവരെ തിരിച്ചുപിടിക്കാന്‍ മോഡി വിരുദ്ധവികാരം തന്നെ മതിയെന്നാണ് കണക്കുകൂട്ടല്‍. ഇതിന് രാഹുല്‍ ഗാന്ധിക്ക് കഴിയുമെന്നാണ് നേതൃത്വം കരുതുന്നത്.
ഇതിനായി രാഹുല്‍ മാജിക്കിനായി കാത്തിരിക്കുകയാണിവര്‍. നിലവില്‍ ഗ്രൂപ്പുകള്‍ക്കതീതമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എങ്കിലും അത് എത്രമാത്രം ഫലപ്രാപ്തിയിലെത്തുമെന്ന് ഉറപ്പില്ല.
ഈ സാഹചര്യത്തിലാണ് രാഹുലിനെ കടിഞ്ഞാല്‍ ഏല്‍പ്പിക്കാനുള്ള തീരുമാനം. പ്രത്യക്ഷത്തില്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതിനൊപ്പം ദേശീതലത്തില്‍ തിരിച്ചുവരവ് എന്നത് കൂടിയാണ് ലക്ഷ്യം വയ്ക്കുന്നത്.