പരിക്കേറ്റവരെ തോളോട് ചേര്‍ത്തു പിടിച്ച് ആംബുലന്‍സില്‍ എത്തിച്ച്, രാഹുല്‍ ഗാന്ധി! പരിക്കേറ്റ റിപ്പോര്‍ട്ടറുടെ ഷൂ എടുത്ത് കൊടുത്ത് പ്രിയങ്ക ഗാന്ധി; നേതാക്കളുടെ മനുഷ്യത്വത്തിനും കയ്യടി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവും പത്രിക സമര്‍പ്പിക്കലും പിന്നീട് നടന്ന റോഡ് ഷോയുമെല്ലാമാണ് ഇപ്പോള്‍ നാട്ടില്‍ തരംഗം. അതില്‍ തന്നെ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയ മറ്റൊന്നു കൂടിയുണ്ട്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സര്‍പ്പിച്ച ശേഷം നടത്തിയ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതും പിന്നീട് രാഹുല്‍ ഗാന്ധി അവരെ സഹായിച്ചതുമാണ് കാമറക്കണ്ണുകള്‍ ഒപ്പിയെടുത്തത്.

റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്ന് വനിതാ മാധ്യമപ്രവര്‍ത്തകയടക്കം അഞ്ചോളം പേര്‍ താഴേക്ക് വീഴുകയായിരുന്നു. റോഡ് ഷോ അവസാനിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം.

ഈ സമയം സമീപത്തെ വാഹനത്തിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുടക്കമുള്ളവര്‍ ഇങ്ങോട്ടേക്കെത്തി ഇവര്‍ക്ക് വെള്ളം നല്‍കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്തു. കൂടുതല്‍ പരിക്കേറ്റ ഇന്ത്യാ എഹഡ് കേരളാ റിപ്പോര്‍ട്ടര്‍ റിറ്റ്‌സന്‍ ഉമ്മനെ സ്ട്രക്ചറില്‍ എടുത്താണ് ആംബുലന്‍സില്‍ കയറ്റിയത്. ഇതിന് രാഹുല്‍ ഗാന്ധിയും സഹായിച്ചു.

പ്രിയങ്കാ ഗാന്ധിയാണ് റിറ്റസന്റെ ഷൂസ് എടുത്ത് ആംബുലന്‍സിലെത്തിച്ചത്. ഇതിന്റെ വീഡിയോ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് ജോയ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഷു ഒരു പ്രാവശ്യം പ്രിയങ്കയുടെ കൈയില്‍ നിന്നും താഴെ വീഴുന്നതും അവര്‍ വീണ്ടും അത് എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ന്യൂസ് 9 റിപ്പോര്‍ട്ടര്‍ സുപ്രിയയ്ക്കും പരിക്കേറ്റു. ഇരുവരും കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏതായാലും രാഹുലിന്റെയും പ്രിയങ്കയുടെയും ഈ മനുഷ്യത്വപരമായ ഇടപെടലിന് വലിയ അഭിനന്ദനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related posts