ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ പുതിയ അടിയൊഴുക്കുകള്‍. കോണ്‍ഗ്രസ് ദളിത്, ഒബിസി (മറ്റു പിന്നോക്ക ജാതികള്‍) വിഭാഗങ്ങളുമായി കൂട്ടുകെട്ടിനു പുതിയ വഴി കണ്ടെത്തുന്നു. ദളിത് വോട്ടിന്റെ കുത്തക മായാവതിയുടെ ബിഎസ്പിയും ഒബിസി കുത്തക മുലായത്തിന്റെ സമാജ്വാദി പാര്‍ട്ടിയുമാണ് ഇതുവരെ അവകാശപ്പെട്ടിരുന്നത്. ഇവര്‍ തന്നെ മുസ്ലിം പിന്തുണ വിഭജിച്ചെടുത്തു. കോണ്‍ഗ്രസിനെ യുപിയില്‍ അപ്രസക്തമാക്കിയത് ഈ ജാതീയ വിഭജനമാണ്.
ഇത്തവണ ഈ രാഷ്ട്രീയ വിഭജനം മാറ്റിയെഴുതാനാണു കോണ്‍ഗ്രസ് നീങ്ങുന്നത്. എസ്പിയോടും ബിഎസ്പിയോടും സഖ്യത്തിനു പോയാല്‍ സംഘടന പുനരുജ്ജീവിപ്പിക്കാനാവില്ലെന്നു കോണ്‍ഗ്രസിനറിയാം. പത്തോ പന്ത്രണ്ടോ സീറ്റില്‍ ഒതുങ്ങേണ്ടിവരും പാര്‍ട്ടി. ഭരണവിരുദ്ധ വികാരവും ദളിത്, ഒബിസി രാഷ്ട്രീയത്തിലെ വേര്‍തിരിവുകളും പ്രിയങ്കയുടെ സാന്നിധ്യഫലമായുള്ള ഉണര്‍വും അയല്‍സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയവും പരമാവധി മുതലാക്കാനാണു കോണ്‍ഗ്രസ് ശ്രമം.
ദളിത് വിഭാഗത്തില്‍ ഉയര്‍ന്നുവരുന്ന നേതാവായ ചന്ദ്രശേഖര്‍ ആസാദുമായി ധാരണയിലെത്തുന്നത് അതിന്റെ ഭാഗമാണ്. അഖിലേഷ് യാദവിനോടു തെറ്റി സ്വന്തം പാര്‍ട്ടി ഉണ്ടാക്കിയ ശിവപാല്‍ യാദവുമായും കോണ്‍ഗ്രസ് ധാരണ ഉണ്ടാക്കും. പടിഞ്ഞാറന്‍ യുപിയില്‍ വലിയ സ്വാധീനശക്തിയായി മാറിയിട്ടുണ്ട് ചന്ദ്രശേഖര്‍ ആസാദ് എന്ന അഭിഭാഷകന്. 33 വയസുള്ള ഇയാളെ സഹായിക്കാന്‍ ജെഎന്‍യു വിദ്യാര്‍ഥികളടക്കമുള്ള ഒരു നിര ഉണ്ട്.
ശിവപാല്‍ യാദവിനെ കൂടെക്കൂട്ടുന്നതിലൂടെ പഴയ സോഷ്യലിസ്റ്റുകളുടെ വഴിയേ നീങ്ങിയിരുന്ന പിന്നോക്ക ജാതിക്കാരുമായി ഒരു ബന്ധം കോണ്‍ഗ്രസിനു പുനഃസ്ഥാപിക്കാനാകും. രാം നരേഷ് യാദവിന്റെ മരണശേഷം പിന്നോക്കസമുദായ നേതാക്കള്‍ കോണ്‍ഗ്രസില്‍ ഇല്ലായിരുന്നു. ശിവപാല്‍ യാദവുമായുള്ള സഖ്യം ആ കുറവ് നികത്തും.
മായാവതിക്കു ദളിത് സമൂഹത്തിലുള്ള സ്വാധീനം കുറഞ്ഞു വരുന്നതും കോണ്‍ഗ്രസ് കാണുന്നുണ്ട്. ദളിതരില്‍ ജാടവ് വിഭാഗത്തിന്റെ മാത്രം നേതാവായി മായാവതി ചുരുങ്ങുന്നു എന്ന പരാതിയുണ്ട്. കൂടുതല്‍ ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന നേതാക്കള്‍ക്കാണു ദളിതര്‍ക്കിടയില്‍ സ്വാധീനം ഉണ്ടാവുക. ഇപ്പോള്‍ ചന്ദ്രശേഖര്‍ ആസാദ് ഏറെ ആക്രമണോത്സുകത പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രിയങ്കഗാന്ധി ചന്ദ്രശേഖറിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചത് ഈ തന്ത്രത്തിന്റെ ഭാഗമാണ്.
യുപിയിലെ പ്രമുഖ ഹരിജന നേതാവ് പി.എല്‍. പുനിയയുടെ പുത്രന് തനുജ് പുനിയ ആണു ബാരാബങ്കി സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. റായ്ബറേലി, അമേത്തി, അയോധ്യ എന്നിവയ്ക്കടുത്തുള്ള ബാരാബങ്കിയില്‍ 2009-ല്‍ കെ.എല്‍. പുനിയ ജയിച്ചതാണ്. കഴിഞ്ഞ തവണ പുനിയ രണ്ടാമതായി. ഇത്തവണ കോണ്‍ഗ്രസിനു പ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണിത്.
ചന്ദ്രശേഖര്‍ ആസാദിന്റെ നാടായ സഹാരണ്‍പുര്‍ കോണ്‍ഗ്രസ് പ്രതീക്ഷ പുലര്‍ത്തുന്ന മറ്റൊരു സീറ്റാണ്. അവിടെ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തു വന്ന ഇമ്രാന് മസൂദിനെയാണു കോണ്‍ഗ്രസ് നിര്‍ത്തുന്നത്. 2014-ല്‍ റായ്ബറേലിയും അമേത്തിയും കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് ഏറ്റവുമധികം വോട്ട് (നാലു ലക്ഷം) ലഭിച്ചത് സഹാരണ്‍പുരിലാണ്.
സഹാരണ്‍പുരില്‍ എസ്പി – ബിഎസ്പി- ആര്‍ജെഡി സഖ്യം ഏപ്രില്‍ ഏഴിനു റാലി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. ബിജെപിയെ സഹായിക്കാനാണ് കോണ്‍ഗ്രസിനു സാധ്യതയുള്ള സ്ഥലത്ത് എസ്പി – ബിഎസ്പി റാലി എന്നാണു വിമര്‍ശനം. ഏപ്രില്‍ 11-നാണു സഹാരണ്‍പുരിലെ വോട്ടെടുപ്പ്. ദേവബന്ദിലെ ദാരുള്‍ ഉലും ഇസ്ലാമിക പഠനകേന്ദ്രവുമായി നല്ല ബന്ധമുള്ളയാളാണ് മസൂദ്.