കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തിൽ നാളെ നാമനിർദേശപത്രിക സമർപ്പിക്കാനായി എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നു കോഴിക്കോട്ട് എത്തും. രാഹുലിനെ ആനയിച്ച് റോഡ് ഷോ ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികളാണ് കോണ്ഗ്രസ് ആസൂത്രണം ചെയ്യുന്നത്.
ആസാമിൽനിന്ന് പ്രത്യേക വിമാനത്തിൽ രാത്രി 8.30ന് കരിപ്പൂരിൽ എത്തുന്ന രാഹുൽ, കാർ മാർഗം കോഴിക്കോട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെത്തും. രാഹുലിനൊപ്പം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉണ്ടാവും. തുടർന്ന് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
വ്യാഴാഴ്ച രാവിലെ കാർ മാർഗം കരിപ്പൂരിലേക്കു പോകും. അവിടെനിന്ന് ഹെലികോപ്റ്ററിൽ കൽപ്പറ്റയിലെത്താനാണ് സുരക്ഷാ വിഭാഗത്തിന്റെ നിർദേശം. നാമനിർദേശപത്രിക സമർപ്പിച്ച ശേഷം യുഡിഎഫ് സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് ഹെലികോപ്റ്ററിൽ കരിപ്പൂരിലെത്തി വൈകുന്നേരം ഡൽഹിക്കു മടങ്ങും.
രാഹുലിന്റെ വരവിനു മുന്നോടിയായി എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ കോഴിക്കോട്ട് യോഗം ചേരുന്നുണ്ട്.