ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിഷയത്തില്‍ പ്രധാനമന്ത്രിയോട് രാഹുല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു.നോട്ട് നിരോധനം നടപ്പാക്കിയ നവംബര്‍ എട്ട് മുതല്‍ എത്രമാത്രം കള്ളപ്പണം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു?.
നോട്ട് നിരോധനം നടപ്പാക്കുന്നതിന് മുന്‍പ് ഏതൊക്കെ വിദഗ്ധരുമായി പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തി?. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ പേരില്‍ എത്ര പേരുടെ ജീവന് നഷ്ടമായി, അവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയോ?. രാജ്യത്തെ വിപണിക്ക് എത്ര കോടി രൂപയുടെ നഷ്ടമുണ്ടായി? തുടങ്ങിയ ചോദ്യങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്. കോണ്‍ഗ്രസിന്റെ 132–ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും അതിനുള്ള ഉദാഹരണമാണ് നോട്ട് പിന്‍വലിക്കല്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ കൊള്ളയടിച്ചിരിക്കുകയാണ്. പണം പിന്‍വലിക്കുന്നതിന് ജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം എത്രയും വേഗം എടുത്തുകളയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.