ഒരു ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിൽ ഇന്ത്യക്കായി ഏറ്റവും അധികം ക്യാച്ച് എടുത്ത റിക്കാർഡിൽ മുൻ താരം രാഹുൽ ദ്രാവിഡിനെ മറികടന്ന് കെ.എൽ. രാഹുൽ. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ബെൻ സ്റ്റോക്സിന്റെ ക്യാച്ച് എടുത്താണ് ദ്രാവിഡിനെ, രാഹുൽ മറികടന്നത്.
പരന്പരയിൽ കെ.എൽ. രാഹുലിന്റെ 14-ാമത് ക്യാച്ച് ആയിരുന്നു അത്. 2004-05ൽ ഓസ്ട്രേലിയയ്ക്കെതിരായ പരന്പരയിൽ രാഹുൽ ദ്രാവിഡ് 13 ക്യാച്ച് എടുത്തതായിരുന്നു ഒരു ഇന്ത്യൻ താരത്തിന്റെ ഇതുവരെയുള്ള മികച്ച നേട്ടം. ഇംഗ്ലണ്ടിനെതിരേ 1972-73ൽ 12 ക്യാച്ച് എടുത്ത ഏക്നാഥ് സോൾക്കറാണ് ദ്രാവിഡിനു പിന്നിലുള്ളത്. ഇംഗ്ലണ്ടിൽ ഏറ്റവും അധികം ക്യാച്ച് എടുത്ത ഇന്ത്യൻ താരമാണ് സോൾക്കർ.
ഒരു പരന്പരയിൽ ഏറ്റവും അധികം ക്യാച്ച് എന്ന റിക്കാർഡ് ഓസ്ട്രേലിയയുടെ ജാക്ക് ഗ്രിഗറിയുടെ പേരിലാണ്, 15 ക്യാച്ച്. 1920-21ലെ ആഷസ് പരന്പരയിലായിരുന്നു ഓസീസ് താരത്തിന്റെ ഈ നേട്ടം.