കോഴിക്കോട്: വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ പത്രികാ സമര്‍പ്പണത്തോടനുബന്ധിച്ച് നടന്ന റോഡ് ഷോയുമായി ബന്ധപ്പെട്ട വിവാദം തീരുന്നില്ല. മുസ്ലിം ലീഗ് പതാക റോഡ് ഷോയില്‍ ഒഴിവാക്കിയത് ഏറ്റുപിടിച്ച് സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ റോഡ് ഷോക്കിടെ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വാഹനത്തില്‍നിന്ന് ഇറക്കിവിട്ടെന്ന രീതിയില്‍ സൈബര്‍ ലോകത്ത് ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചത്.
പ്രചാരണം ശക്തമായതോടെ കോഴിക്കോട് മുക്കം പോലീസില്‍ പരാതി നല്കിയിരിക്കുയാണ് യൂത്ത് ലീഗ്. പരാതി ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.
ഏപ്രില്‍ മൂന്നിന് രാഹുല്‍ ഗാന്ധിയുടെ കല്പറ്റയിലെ റോഡ് ഷോയ്ക്കിടെ വാഹനത്തിലുണ്ടായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് ദേഹാസ്വസ്ഥ്യം കാരണം പാതി വഴിയില്‍ ഇറങ്ങേണ്ടി വന്നിരുന്നു.
രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സഹായത്തോടെ കുഞ്ഞാലിക്കുട്ടിയെ വാഹനത്തിന് താഴെയിറക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടുവെന്ന തരത്തില്‍ ചിലര്‍ ഈ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.
റോഡ് ഷോയിലെ ലീഗ് പതാക സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ക്കിടെയാണ് കുഞ്ഞാലിക്കുട്ടിയെ വാഹനത്തില്‍നിന്ന് ഇറക്കിവിട്ടെന്ന കുറിപ്പോടെ വീഡിയോ പ്രചരിക്കുന്നത്. നൂറുകണക്കിനാളുകള്‍ ഈ പോസ്റ്റ് പങ്കുവച്ചിട്ടുമുണ്ട്. സിപിഎം കേന്ദ്രങ്ങള്‍ രാഹുല്‍ രാഹുല്‍ ഗാന്ധിയെയും യുഡിഎഫിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് 13 ഫേസ് ബുക്ക് പ്രൊഫൈലുകള്‍ സഹിതമാണ് യൂത്ത് ലീഗ് തിരുവമ്പാടി മണ്ഡലം പരാതി നല്‍കിയത്.