നിയാസ് മുസ്തഫ
കോട്ടയം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുമോ ഇല്ലയോ എന്ന് അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട്ടിൽ രാഹുലിന്റെ എതിരാളി ആയി മത്സരിക്കുമെന്ന് സോഷ്യൽമീഡിയയിൽ അടക്കം വാ ർത്തകൾ പ്രചരിക്കുന്നു. ടൈംസ് ഒാഫ് ഇന്ത്യ അടക്കം ചില ദേശീയ മാധ്യമങ്ങളും ഇത്തരത്തിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
രാഹുൽഗാന്ധിയുടെ സിറ്റിംഗ് സീറ്റായ യുപിയിലെ അമേത്തിയിൽ സ്മൃതി ഇറാനിയാണ് എതിരാളി. അമേത്തിയിൽനിന്ന് പേടിച്ചോടിയാണ് രാഹുൽ വയനാട്ടിൽ മത്സരിക്കാനെത്തുന്നതെന്ന് ബിജെപി ആക്ഷേപം ഉന്നയിച്ചിരുന്നു. വയനാട്ടിൽ രാഹുൽ മത്സരിച്ചാൽ സ്മൃതി ഇറാനി വയനാട്ടിലും രാഹുലിന് എതിരാളിയാകുമെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഒരു ചർച്ചയും ബിജെപിക്കുള്ളിൽ നടന്നിട്ടില്ലായെന്നതാണ് ലഭ്യമാകുന്ന വിവരം.
സിറ്റിംഗ് സീറ്റായ ഉത്തർപ്രദേശിലെ അമേത്തി കൂടാതെ ഇത്തവണ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏതെങ്കിലുമൊരു സീറ്റിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് കോൺഗ്രസിനുള്ളിൽ ആവശ്യമുയർന്നിരുന്നു. ഇതേത്തുടർന്ന് കർണാടക, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതൃത്വം തങ്ങളുടെ സംസ്ഥാനത്തുനിന്ന് മത്സരിക്കണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടു. കേരളവും ഇതേ ആവശ്യം ഉന്നയിച്ചു. വയനാട് സീറ്റാണ് കെപിസിസി രാഹുലിനായി കണ്ടുവെച്ചത്.
എന്നാൽ രാഹുലിന്റെ വരവിനെ വിമർശിച്ച് ഇടതുപക്ഷത്തെ സംസ്ഥാന, ദേശീയ നേതാക്കൾ രംഗത്തുവന്നിരുന്നു.
വയനാട്ടിൽ രാഹുൽ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അന്തിമതീരുമാനം രാഹുൽ ഗാന്ധിയാണ് സ്വീകരിക്കേണ്ടത്. ഇന്ന് ഇക്കാര്യത്തിൽ ഒരു വ്യക്തത വരുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
അതേസമയം, ഇടതുപക്ഷ നേതാക്കൾ ഉൾപ്പെടെ വിമർശനം ഉന്നയിച്ച സാഹചര്യത്തിൽ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ജെആർ പത്മകുമാർ രാഷ്ട്രദീപികയോട് പറഞ്ഞു. രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയാൽ സംസ്ഥാന, ദേശീയ തലത്തിലുള്ള ശക്തനായ എതിരാളി വയനാട്ടിൽ എൻഡിഎയ്ക്കു വരും.
ബിഡിജെഎസിനു നൽകിയ സീറ്റാണ് വയനാട്. നാളെ ബിഡിജെഎസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനിരിക്കുകയാണ്. രാഹുൽഗാന്ധി മത്സരരംഗത്തു വന്നാൽ ബിജെപി സീറ്റ് ഏറ്റെടുക്കണമോയെന്നത് ബിഡിജെഎസ് തീരുമാ നിക്കും. അവർക്ക് സമ്മതമാണെങ്കിൽ ബിജെപി ആ സീറ്റ് ഏറ്റെടുക്കും.
അല്ലെങ്കിൽ ബിഡിജെഎസിന്റെ തന്നെ ശക്തനായ സ്ഥാനാർഥി അവിടെ വരും. സംസ്ഥാന, ദേശീയ തലത്തിലുള്ള നേതാക്കളിൽ ആരെങ്കിലുമാവും അവിടെ മത്സരിക്കാനെത്തുക. രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് പ്രഖ്യാപനം വരുന്പോൾ അതനുസരിച്ചുള്ള മാറ്റങ്ങൾ വയനാട് സീറ്റിന്റെ കാര്യത്തിലുണ്ടാവും -ജെ ആർ പദ്മകുമാർ പറഞ്ഞു.