കൊല്ലം: മയ്യനാട് എസ്എസ് സമിതി അഭയകേന്ദ്രത്തിലെ അന്തേവാസിയായ മധ്യപ്രദേശ് ഇൻഡോർ സ്വദേശി രാഹുൽ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നു.
മയ്യനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുല്ലിച്ചിറ വൈഎംസിഎ ക്യാമ്പ് സെന്ററിൽ പ്രവർത്തിച്ചിരുന്ന കോവിഡ് രക്ഷ ക്യാമ്പിന്റെ പ്രവർത്തനം അവസാനിച്ചതിനെ തുടർന്നാണ് 25 കാരനായ രാഹുൽ സമിതിയിൽ എത്തിയത്.
ലോക്ക് ഡൗൺ കാലത്ത് അലഞ്ഞു നടന്നിരുന്ന രാഹുലിനെ പഞ്ചായത്ത് അധികൃതർ ആണ് പുല്ലിച്ചിറ വൈഎംസിഎ ക്യാമ്പിൽ എത്തിച്ചത്. ക്യാമ്പിനെ പ്രവർത്തനം അവസാനിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ രാഹുലിനെ എസ് എസ് സമിതിയിൽ എത്തിക്കുകയായിരുന്നു.
അന്യസംസ്ഥാനക്കാരായ അന്തേവാസികളെ തിരികെ വീടുകളിൽ എത്തിക്കുന്നതിന് എസ് എസ് സമിതിയെ സഹായിച്ചു വരുന്ന ആസ്പയറിംഗ് ലൈവ്സ് മാനേജിങ് ട്രസ്റ്റി മനീഷാണ് മധ്യപ്രദേശിലെ ഇൻഡോറിനടുത്ത പുരിയ ഗ്രാമത്തിലെ വീട് കണ്ടെത്തിയത്.
വീട്ടുകാരുമായി രാഹുൽ ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് ഗ്രാമീണ കർഷകൻ ആയ പിതാവ് ഉമ്റവ് ഭാര്യാ സഹോദരനായ ഗണേഷു മൊത്ത് രാഹുലിനെ കൂട്ടിക്കൊണ്ടു പോകുവാനായി എസ് എസ് സമിതിയിലെത്തിയത്.
മൂത്തമകനായ രാഹുലിന് കർഷക തൊഴിലാളിയായ രണ്ടു സഹോദരിമാരും വിദ്യാർഥിയായ ഒരു സഹോദരനുമാണുള്ളത്. മൂന്ന് മാസത്തെ താമസത്തിനിടയിൽ എല്ലാവരുമായി സൗഹൃദത്തിലായ രാഹുൽ നിറകണ്ണുകളോടെയാണ് യാത്ര പറഞ്ഞത്.
രാഹുലിനെ ഇത്രയും നാൾ കാത്തുസൂക്ഷിച്ചതിനും തിരികെ ഏൽപ്പിച്ചതിനും മാനേജിങ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യറിനോട് ബന്ധുക്കൾ പ്രത്യേകം നന്ദി പറഞ്ഞു.